തൊടുപുഴ: ഭരണപ്രതിപക്ഷ ഭേദമില്ലാതെ ആരെയും തല്ലുന്നവരായി കേരളത്തിലെ പൊലീസ് മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയാസ് കൂരാപിള്ളി മെമ്മോറിയൽ ട്രസ്റ്റിന്റെയും കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിനെ നിയന്ത്രിക്കുന്നതിൽ പിണറായി വിജയൻ വൻ പരാജയമാണ്. ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്നതിൽ ശക്തിയില്ലെന്ന് തെളിയിച്ച പിണറായി വിജയൻ രാജിവെച്ച് പുറത്തു പോകേണ്ട സമയം അതിക്രമിച്ചു. സർക്കാരിന്റെ കെടുകാര്യസ്ഥതയാൽ പൊലീസ് അക്രമങ്ങൾ അഴിച്ചു വിടുകയാണ്. നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ എസ്.പിയെ ചോദ്യം ചെയ്യാനാവാത്തത് സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണ്. എൽദോ എബ്രഹാം എം.എൽ.എയെ മർദിച്ച പൊലീസ് നടപടിയിൽ പ്രതികരിക്കാത്ത സി.പി.ഐ നടപടി ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, ഐ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, നേതാക്കളായ ജോസഫ് വാഴയ്ക്കൻ, മാത്യു കുഴൽനാടൻ, റോയി കെ. പൗലോസ്, എം.ടി. തോമസ്, ടോണി തോമസ്, അൽ- അസ്ഹർ കോളേജ് എം.ഡി മിജാസ് എന്നിവർ പങ്കെടുത്തു.