pavaliyan
വെള്ളച്ചാട്ടത്തിന് സമീപം തയ്യാറാക്കിയിരിക്കുന്ന പവലിയൻ.

*പുതിയ സൗകര്യങ്ങളുടെ ഉദ്ഘാടനം ഓണത്തോടനുബന്ധിച്ച്
*ഒരുകോടി രൂപയുടെ വിപുലീകരണം.
*സീറോ വെയ്സ്റ്റ് ഹൈഡൽ ടൂറിസം കേന്ദ്രമാണ്
*സന്ദർശകരെ സഹായിക്കാനായി 6 ഗൈഡുകളുടെ സേവനം.

രാജാക്കാട് : ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരം റിപ്പിൾ വാട്ടർഫാൾസിൽ കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങുന്നു. വെള്ളച്ചാട്ടവും, പുഴയിലെ നീരൊഴുക്കും പ്രകൃതി ദൃശ്യങ്ങളും കൂടുതൽ സുരക്ഷിതമായി ആസ്വദിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ വിപുലീകരിയ്ക്കുന്ന ജോലികൾ അവസാന ഘട്ടത്തിലായി. കൂടുതൽ സൗകര്യങ്ങളോടെ അണിഞ്ഞൊരുങ്ങുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഓണക്കാലത്തിന് മുന്നോടിയായി നടക്കും.

ഒരുകോടി രൂപയുടെ വിപുലീകരണമാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഇവിടെ നടത്തുന്നത്. വിപുലീകരണച്ചെലവ്. വെള്ളച്ചാട്ടം അടുത്തുനിന്ന് ആസ്വദിയ്ക്കുന്നതിനായി പാത്ത് വേയോടുകൂടിയ പവലിയൻ, രണ്ട് ശുചിമുറികൾ, ചുറ്റുപാടുകൾക്കിണങ്ങും വിധം മനോഹരമായ ശിൽപ്പവേലകളോടുകൂടിയ പ്രവേശന കവാടവും ടിക്കറ്റ് കൗണ്ടറും, ഡ്രെസ്സിംഗ് റൂം, കൈവരികളോടുകൂടിയ പാത്ത് വേകൾ, പ്രായം ചെന്നവർക്കും അനായാസം നടന്ന് കാഴ്ച്ചകൾ കാണാൻ പാകത്തിന് നടപ്പാത, ആകർഷകമായ തമരക്കുളം തുടങ്ങിയവായണ് ഒരുങ്ങുന്നത്. പ്രകൃതിദത്തമായ സ്നാനഘട്ടം മറ്റൊരാകർഷണമാണ്.

2012 ൽ കേന്ദ്രം പ്രവർത്തനമാരംഭിക്കുമ്പോൾ 52 ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. വേനലിൽ പോലും വറ്റാത്ത നീരൊഴുക്കുള്ള പുഴയും, അഞ്ചോളം വെള്ളച്ചാട്ടങ്ങളും, പ്രശാന്തമായ ചുറ്റുപാടുകളും കേന്ദ്രത്തെ കുറഞ്ഞ നാളുകൾക്കകം തന്നെ ആഭ്യന്തര വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റി. വേനലിൽ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളെ സഞ്ചാരികൾ കൈവിട്ടപ്പോഴും ഇവിടെ തിരക്കിന് കുറവുവന്നില്ല. ദിവസവും ആയിരത്തോളം പേരാണ് ഇപ്പോഴിവിടെ എത്തുന്നത്. 6 ഗൈഡുകളുടെ സേവനവും സന്ദർശകർക്ക് ഇവിടെ ലഭിയ്ക്കും.