ചെറുതോണി: ഇടുക്കി ഡാമിലേക്ക് വെളളമെത്തിക്കുന്നതിനുവേണ്ടി നിർമ്മിച്ച വടക്കേപ്പുഴ ഡൈവേർഷൻ ഡാമിന്റെ സംഭരണശേഷി കുറയുന്നു.സ്വകാര്യ വ്യക്തിയുടെ ചെക്ക് ഡാം തകർന്നതിനെ തുടർന്ന് പത്ത് വർഷം മുൻപ് ഒഴുകിയെത്തിയ ചെളിയും മണ്ണും മൂടിയാണ് ചെക്ക് ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞത് . ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും മണ്ണും ചെളിയും കോരി നീക്കാൻ വൈദ്യുതി വകുപ്പ് തയ്യാറാകാതെ വന്നതോടെ വടക്കേപ്പുഴ ഡൈവേർഷൻ ഡാമിന്റെ സംഭരണശേഷി കുത്തനെ കുറഞ്ഞു. ഇതോടെ ഇടുക്കി അണക്കെട്ടിലേക്ക് ചെക്കുഡാമിൽ നിന്നും വെളളമെത്തിക്കുന്നതും നിലച്ചു. ഡാമിലേക്ക് ടണൽവഴി വെളളമെത്തിക്കാൻ കഴിയാതെ വന്നതോടെ വടക്കേപ്പുഴ ഡാമിലെ വെളളം വൈദ്യുതി ബോർഡുജീവനക്കാർ കിങ്ങിണിത്തോട് പൂച്ചപ്രവഴി തിരിച്ചുവിടുകയാണ്. ഇടുക്കി ഡാമിലേക്ക് വെളളമെത്തിക്കുന്നതിനുവേണ്ടി വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതാണ് വടക്കേപ്പുഴ ഡൈവേർഷൻ ഡാം. കുളമാവു പൊലീസ് സ്റ്റേഷനു മുൻവശത്തായി അൻപതേക്കറോളം വിശാലമായ സ്ഥലത്താണു ചെക്കുഡാം നിർമ്മിച്ചിരിക്കുന്നത്. അന്നു തുച്ഛമായ വില നൽകി കർഷകരെ ഒഴിവാക്കിയാണു പദ്ധതിക്കു തുടക്കം കുറിച്ചത്. ഇവിടെ സംഭരിക്കുന്ന വെളളം കനാൽ വഴി കിളിവളളിയിൽ എത്തിക്കേണ്ടതാണ്. ഇവിടെയാണ് മൂലമറ്റം ജലവൈദ്യുതനിലയത്തിലേക്ക് ടണൽ വഴി വെളളംകൊണ്ടുപോകുന്ന ഇൻഡേക്ക് സ്ഥിതിചെയ്യുന്നത്. ഡാം നാശത്തിന്റെ വക്കിലായതോടെ മണൽചാക്കുകൊണ്ട് തടയണതീർത്തു വെളളം കനാൽകീറി തിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിൽ വെളളം നിറഞ്ഞൊഴുകി 5 വീട്ടുകാരുടെ 9 ഏക്കറോളം സ്ഥലം വെളളത്തിലായി. നിരവധി കൃഷികൾ നശിച്ചു. കടംവാങ്ങിയും വായ്പയെടുത്തും ചെയ്ത കൃഷിയാണ് മഴയിൽ നശിച്ചുപോയത്. വെളളംകുത്തിയൊഴുകി തൊടപുഴ പുളിയൻമല റോഡിനും കേടുപാടുകൾ സംഭവിച്ചു. ഹൈഡൽ ടൂറിസത്തിനു അനന്തസാദ്ധ്യതകൾ കൂടുതലുളള സ്ഥലംകൂടിയാണിവിടം. വൈദ്യുതി ബോർഡിന്റെ അനാസ്ഥകൊണ്ടാണ് വടക്കേപ്പുഴ ഡൈവേർഷൻ ഡാം പദ്ധതിയുൾപ്പെടുന്ന പ്രദേശം നാശത്തിന്റെ വക്കിലായത്. ഡൈവേർഷൻ ഡാമിൽ വന്നടിഞ്ഞ ചെളിയും മണലും വാരി മാറ്റി പൂർണ്ണതോതിൽ വെളളം സംഭരിക്കുകയും തടാകത്തിലൂടെ ബോട്ടു സവാരിയും ഒരുക്കിയാൽ ടൂറിസ്റ്റുകളുടെ ഒഴുക്ക് തന്നെ ഇങ്ങോട്ടുണ്ടാകും. വെള്ളം തീർത്തും വറ്റി കിടന്ന സമയത്തും ഉദ്യോഗസ്ഥരുടെ അനുമതിയോടെ മോട്ടർ ഉപയോഗിച്ച് വെള്ളം കടത്താറുണ്ട്.