മുട്ടം: കാഞ്ഞാർ നിർഭയ കേന്ദ്രത്തിൽ നിന്നും കാണാതായ വിദ്യാർത്ഥി തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശി രതീഷിനോടൊപ്പം പോയതായി സൈബർ സെൽ കണ്ടെത്തി. രതീഷ് വിദ്ധാർത്ഥിനിയുടെ അകന്ന ബന്ധുവാണ്. പ്ലസ് ടു പരീക്ഷ എഴുതുന്നതിന് ബണ്ടി കഴിഞ്ഞ ബുധനാഴ്ച രാവിലെ 9 ന് വിദ്യാർത്ഥിനിയെ നിർഭയ കേന്ദ്രത്തിലെ നടത്തിപ്പുകാർ മുട്ടം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എത്തിച്ചിരുന്നു. എന്നാൽ സ്‌കൂളിലേക്ക് കയറിപ്പോയ വിദ്യാർത്ഥിനി പരീക്ഷക്ക് കയറാതെ റോഡിൽ കാത്ത് നിന്നിരുന്ന ബന്ധുവിനോടൊപ്പം ബൈക്കിൽ കയറി പോവുകയായിരുന്നു. വിദ്യാർത്ഥി പരീക്ഷക്ക് എത്താത്തത് സംബന്ധിച്ച് സ്കൂൾ അധികൃതർ നിർഭയ കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോഴാണ് ഏവരും വിവരം അറിയുന്നത്. ഇത് സംബന്ധിച്ച് നിർഭയ അധികൃതർ മുട്ടം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിന്റെ സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനി ബന്ധുവിനോടൊപ്പം പോയതായി കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. അന്ന് രാവിലെ മുതൽ രതീഷ് കാഞ്ഞാർ, കുടയത്തൂർ, മുട്ടം പ്രദേശങ്ങളിൽ ഉണ്ടായിരുന്നതായും സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ബുധനാഴ്ച രാവിലെ 9.45 ന് കാഞ്ഞിരപ്പള്ളിയിലെത്തിയ രതീഷിന്റെ മൊബൈൽ സ്വിച്ച് ഓഫായി.മുട്ടം എസ് ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘം നെയ്യാർ ഡാം, ആറ്റിങ്ങൽ എന്നിവടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും രണ്ട് ആളുകളെയും ഇത് വരെ കണ്ടെത്തിയില്ല.സൈബർ സെല്ലിന്റെ സഹായത്തോടെ രണ്ട് ആളുകളെയും ഉടൻ കണ്ടെത്താൻ പൊലീസ് അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കി.