രാജാക്കാട് : ചിന്നക്കനാലിൽ ടാക്സി സ്റ്റാന്റിലെ ടേണിനെ സംബന്ധിച്ച തർക്കത്തെ തുടർന്ന് സംഘർഷം. എ.ഐ.റ്റി.യു.സി പ്രവർത്തകന് പരിക്കേറ്റു. തിരുവള്ളൂർ കോളനി സ്വദേശി ശരവണനാണ് പരിക്കേറ്റത്. ഇയാൾ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സി.ഐ.ടി.യു, എ.ഐ.റ്റി.യു.സി, ഐ.എൻ.റ്റി.യു.സി എന്നീ യൂണിയനുകളാണ് ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരുടേതായി സൂര്യനെല്ലിയിൽ ഉള്ളത്. സ്വകാര്യ റിസോർട്ടിലെ ട്രിപ്പുകൾ ഓരോ സംഘടനകൾക്കും വീതിച്ച് നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ട്രിപ്പുകൾ വിളിച്ച് അറിയിക്കുന്ന ഫോൺ സി.ഐ.ടി.യു പ്രവർത്തകർ മറ്റുള്ളവർക്ക് നൽകാറില്ലെ ന്ന് ആക്ഷേപമുയർന്നിരുന്നു. ഇത് സംബന്ധിച്ച് ദിവസങ്ങളായി മേഖലയിൽ തർക്കം നിലനിൽക്കുകയാണ്. സി പി ഐ, കോൺഗ്രസ് പ്രാദേശിക നേതാക്കൾ ഇടപെട്ട് വിഷയം ചർച്ച ചെയ്‌തെങ്കിലും പരിഹാരമുണ്ടായിരുന്നില്ല.ഈ വിഷയത്തിന്റെ തുടർച്ചയെന്നവണ്ണമാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ശാന്തൻപാറ പൊലീസ് പറഞ്ഞു.