തൊടുപുഴ: എല്ലാവർക്കും കുടിവെള്ളം എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായി തൊടുപുഴ നഗരസഭയും വാട്ടർ അതോറിട്ടിയും ചേർന്ന് വാട്ടർ കണക്ഷൻ മേള നടത്തി. നഗരസഭ മേഖലയിലെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൊടുപുഴ പി.എച്ച് ഡിവിഷൻ ഓഫീസിൽ നടന്ന മേളയിൽ 101 പേർ പുതിയ വാട്ടർ കണക്ഷൻ ലഭിക്കാനുള്ള അപേക്ഷയുമായി എത്തി. നഗരസഭ മേഖലയിൽ അർബൻ വാട്ടർ കണക്ഷൻ പദ്ധതിയിൽ നിലവിൽ 11200 ഉപഭോക്താക്കളുണ്ട്. ഇതിനു പുറമെ കണക്ഷൻ എടുക്കാത്ത കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും വാട്ടർ കണക്ഷൻ ലഭ്യമാക്കും. അടുത്തടുത്തായി നഗരത്തിൽ വീടുകൾ ഉയർന്നു വന്നതോടെ കിണറുകളിൽ സെപ്ടിക് ടാങ്ക് മാലിന്യം കലർന്ന് കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. കിണർ ഉണ്ടെങ്കിലും വെള്ളം പരിശോധിച്ച് മാലിന്യം ഇല്ലെന്ന് ഉറപ്പാക്കണം. എന്നാൽ വീടുകളുടെ എണ്ണം അധികരിച്ചതോടെ കിണറുകളിൽ മാലിന്യം കലരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കുക എന്നതാണ് വാട്ടർ അതോറിട്ടി ലക്ഷ്യമിടുന്നത്. ഇടവെട്ടി പഞ്ചായത്തിൽ കണക്ഷൻ മേള നാളെ പഞ്ചായത്ത് ഓഫീസിൽ നടക്കുമെന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ അറിയിച്ചു.