മുട്ടം: കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും ചെക്കുകേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ഒന്നിലേറെ തവണ പീഡിപ്പിച്ചെന്ന പരാതിയിൽ സ്വകാര്യ പണമിടപാടുകാരനെതിരെ പൊലീസ് കേസെടുത്തു. തൊടുപുഴ ആശീർവാദ് തീയേറ്റർ ജംഗ്ഷനിലെ അരീപ്ലാവിൽ ഫിനാൻസ് ഉടമ മുട്ടം എള്ളുപുറം അരീപ്ലാവിൽ സിബി തോമസിനെതിരെയാണ് മുട്ടം പൊലീസ് കേസെടുത്തത്. ഇയാൾ ഒളിവിലാണ്. തൊടുപുഴയ്ക്ക് സമീപം ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം വാടകവീട്ടിൽ താമസിക്കുന്ന 38 കാരിയുടെ പരാതിയിലാണ് നടപടി. സിബി തോമസിൽ നിന്ന് വീട്ടമ്മ ഒരുലക്ഷം രൂപ കടം വാങ്ങിയിരുന്നു. പകരം ഇയാൾ ഇവരിൽ നിന്ന് ആറ് ചെക്കുകൾ ഒപ്പിട്ട് വാങ്ങി. പിന്നീടാണ് ഇയാൾ ഇവരെ ശല്യം ചെയ്യാൻ തുടങ്ങിയത്. വഴങ്ങാത്ത പക്ഷം കൈവശമുള്ള ചെക്കുകൾ ഉപയോഗിച്ച് കേസിൽപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഒരുലക്ഷം രൂപ തിരികെ നൽകിയിട്ടും അടങ്ങിയില്ല. ചെക്കുകൾ കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇയാളുടെ വീട്ടിലും കുമരകത്തെ സ്വകാര്യ റിസോർട്ടിലും വാഹനത്തിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇതിനിടെ ഇയാൾ വീട്ടമ്മയ്‌ക്കെതിരെ മുട്ടം കോടതിയിൽ വണ്ടിച്ചെക്ക് കേസും നൽകി. വീട്ടമ്മയ്ക്ക് നിവൃത്തിയില്ലാതെ മൂന്നര ലക്ഷത്തോളം രൂപ കോടതിയിൽ കെട്ടി വയ്ക്കേണ്ടിവന്നു. ശല്യം തുടർന്നതോടെയാണ് പൊലീസിൽ പരാതിപ്പെട്ടത്. പീഡനം നടന്ന സ്ഥലങ്ങളിൽ പൊലീസ് തെളിവെടുത്തു. മൊബൈൽ ടവർ ലൊക്കേഷനടക്കമുള്ള തെളിവുകൾ ശേഖരിച്ചു. വീട്ടമ്മയെ കൊണ്ടുപോയ വാഹനവും തിരിച്ചറിഞ്ഞു. പ്രതിയ്ക്കു വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി. ബലാത്സംഗകുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്. മുട്ടം കോടതിയിൽ ഇയാൾ നിർധനരായ ഇടപാടുകാർക്കെതിരെ എഴുന്നൂറിലേറെ ചെക്കുകേസുകൾ നൽകിയിട്ടുണ്ട്. പണം നൽകുമ്പോൾ സ്ത്രീകൾ ഒപ്പിട്ട ചെക്കുകളാണ് ഇയാൾ കൂടുതലായും വാങ്ങാറുള്ളത്. മൂവാറ്റുപുഴയിൽ പൊലീസുകാരനെ കൈയേറ്റം ചെയ്ത കേസിൽ ഇയാൾ പ്രതിയായിരുന്നു. തൊടുപുഴയിലെ പ്രമുഖ അഭിഭാഷകനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് തൊടുപുഴ പൊലീസും കേസെടുത്തിട്ടുണ്ട്.