jeep
മറിഞ്ഞ ജീപ്പ്.

രാജാക്കാട് : മൂന്നാറിന് സമീപം കൊരണ്ടിക്കാട് കൊടുംവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മറിഞ്ഞ് കൊച്ചുകുട്ടി അടക്കം 13 പേർക്ക് പരിക്കേറ്റു. ഇതിൽ 6 പേരുടെ നില ഗുരുതരമാണ്. ചിട്ടിവരൈ ഒ.സി ഡിവിഷൻ സ്വദേശികളായ ഡ്രൈവർ തമിഴ്രാജ്(46), പൊന്നി (36), മഞ്ജുള (45), പളനിയമ്മ (55), എസൈക്കി (52), സർവ്വേഷ് (5), മുനിയാണ്ടി (59), ശക്തി (41), എല്ലപ്പട്ടി സെൻട്രൽ ഡിവിഷൻ വേദമണി (52), ചിട്ടിവരൈ എൻ.സി ഡിവിഷൻ സ്വദേശി പങ്കജം (53), എല്ലപ്പട്ടി സ്വദേശി (53), ജീവ (42), നാഗാർജ്ജുനൻ (34), പേച്ചിമുത്ത് (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ഗുരുതരാവസ്ഥയിലുള്ള എസൈക്കിയെ കോട്ടയത്തെയും, നാഗാർജ്ജുനൻ, പൊന്നി, ജീവ എന്നിവരെ തേനിയിലെയും, പങ്കജം, രാജാമണി എന്നിവരെ ആലുവയിലെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ച്കഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. വിവിധ എസ്റ്റേറ്റുകളിൽ നിന്നുള്ള തൊഴിലാളികളെ വീട്ടുസാധനങ്ങൾ വാങ്ങിക്കുന്നതിനായി മൂന്നാർ ടൗണിലേക്ക് കൊണ്ടുവരുന്നതിനിടെ കൊരണ്ടിക്കാട്ട് കൊടുംവളവിൽ വച്ച് ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരുവശത്തെ പാറക്കൂട്ടത്തിലേയ്ക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. കീഴ്‌മേൽ മറിഞ്ഞ വാഹനത്തിൽ ഉള്ളവരെ അതുവഴി എത്തിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും സമീപവാസികളും ചേർന്നാണ് രക്ഷപെടുത്തിയത്. അപകടവിവരം അറിഞ്ഞ് എത്തിയ ടൗണിൽ നിന്നുള്ള വാഹനങ്ങളിൽ കയറ്റി ടാറ്റാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളേജുകളിലേയ്ക്ക് കൊണ്ടുപൊയ്‌ക്കൊള്ളാൻ പറഞ്ഞെങ്കിലും ആംബുലൻസ് ലഭിച്ചില്ല. ആശുപത്രിയിലെ ആംബുലൻസുകളും, ഗ്രാമ പഞ്ചായത്തിന്റെ ആംബുലൻസും കേടായി കിടക്കുന്നതാണ് കാരണം. പിന്നീട് മറയൂർ നിന്നും ആംബുലൻസ് എത്തിച്ച് മൂന്നര മണിക്കുറോളം വൈകിയാണ് ഇവരെ മറ്റാശുപത്രികളിലേയ്ക്ക് കൊണ്ടുപോകാനായത്. അപകടത്തിൽപ്പെട്ട ജീപ്പ് പൂർണ്ണമായി തകർന്നു. അമിത വേഗതയാണ് അപകടകാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.