മുട്ടം: കറിവേപ്പിന്റെ മഹത്വം തിരിച്ചറിഞ്ഞു ഓരോ വീടുകളിലും തൈകൾ നട്ടുപിടിപ്പിച്ച് മുട്ടം പഞ്ചായത്ത് സമ്പൂർണ 'കറിവേപ്പ് ഗ്രാമം" ആകുന്നു. ദേശീയ ആയുഷ് മിഷൻ, ജില്ലാ ഭാരതീയ ചികിത്സാ വകുപ്പ്, മുട്ടം പഞ്ചായത്ത് എന്നിവ സംയുക്തമായി നടത്തി വരുന്ന ആയുഷ്‌ഗ്രാമം പദ്ധതിയോടനുബന്ധിച്ചാണ് പഞ്ചായത്തിനെ സമ്പൂർണ കറിവേപ്പ് ഗ്രാമമാക്കുന്നത്. കുടുംബശ്രീ, ആശ പ്രവർത്തകർ എന്നിവരിലൂടെയാണ് പദ്ധതി പ്രവർത്തികമാക്കുന്നതും. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും കറിവേപ്പിൻ തൈ നട്ടുപിടിപ്പിക്കും. വിതരണം ചെയ്ത തൈകൾ ഏത് രീതിയിലാണ് പരിപാലിക്കുന്നതെന്ന് അറിയാൻ സംഘാടകർ ആറ് മാസം വരെ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശനം നടത്തും. ഒരു വർഷം കൊണ്ട് വിവിധ ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ പഞ്ചായത്തിലെ തിരഞ്ഞെടുത്ത 150 വീടുകളിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. വേപ്പിന്റെ തൈകൾ വിതരണം ചെയ്യുന്നതിനൊപ്പം ഏത് രീതിയിൽ പരിപാലിക്കണമെന്നുള്ള മാർഗ നിർദ്ദേശങ്ങളും തൈകൾക്ക് ആവശ്യമായ വളവും മറ്റ് സാമഗ്രികളും സംഘാടകർ നൽകും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മുട്ടം കുടുംബശ്രീ സി.ഡി.എസ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ നിർവഹിക്കും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശുഭ കെ.പി മുഖ്യപ്രഭാഷണം നടത്തും. പദ്ധതിയിൽ അംഗമാകാൻ രജിസ്റ്റർ ചെയ്തവർക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് കറിവേപ്പിൻ തൈ വിതരണം ചെയ്യുമെന്ന് ആയുഷ് ഗ്രാം നോഡൽ ഓഫീസർ ഡോ. ജിൽസൺ വി. ജോർജ് അറിയിച്ചു.
പദ്ധതിയുടെ ലക്ഷ്യം
ഭക്ഷണത്തിലും ഔഷധ കൂട്ടുകളിലും കറിവേപ്പില ഒഴിവാക്കാൻ പറ്റാത്ത വസ്തുവായി മാറിയതോടെ കറിവേപ്പിന് ആവശ്യക്കാരും കൂടുതലായി. തുടർന്ന് ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് അമിതമായ കീടനാശിനി പ്രയോഗത്തിലൂടെ വ്യാവസായിക അടിസ്ഥാനത്തിൽ കറിവേപ്പില ഉത്പാദിപ്പിച്ച് സംസ്ഥാനത്ത് എത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ തലത്തിൽ ഇത്തരത്തിലുള്ള പദ്ധതി വിഭാവനം ചെയ്തത്.