തൊടുപുഴ: പൊലീസ് കസ്റ്റഡിയിൽ മർദ്ദനത്തിനിരയായി മരിച്ച രാജ്കുമാറിന്റെ മൃതദേഹം, സംസ്കരിച്ച് 37 ദിവസങ്ങൾക്കുശേഷം ഇന്ന് കോലാഹലമേട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നിന്ന് പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടം ചെയ്യും. ഇന്ന് രാവിലെ 10 മണിയോടെ ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മേൽനോട്ടത്തിൽ മൃതദേഹം പുറത്തെടുക്കും.രാജ്കുമാറിന്റെ ഭാര്യ, അടുത്ത ബന്ധുക്കൾ, പള്ളി വികാരി, ഇടുക്കി ആർ.ഡി.ഒ, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്നിവരുടെ സാന്നിദ്ധ്യമുണ്ടാകും.
രാജ്കുമാറിനെ സംസ്കരിച്ച സ്ഥലം വൈദികൻ ചൂണ്ടികാണിക്കും. അവിടുന്ന് പുറത്തെടുക്കുന്ന മൃതദേഹം രാജ്കുമാറിന്റേതാണെന്ന് ബന്ധുക്കൾ ഉറപ്പാക്കണം. തുടർന്ന് ഓട്ടോപ്സി സൗകര്യമുള്ള സമീപത്തെ ഏതെങ്കിലും ആശുപത്രിയിലെത്തിച്ച് മൂന്ന് വിദഗ്ദ്ധ പൊലീസ് സർജന്മാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്യും. ഇത് മുഴുവൻ വീഡിയോയിൽ ചിത്രീകരിക്കും. മൃതദേഹത്തിന്റെ മുഴുവൻ എക്സ്‌റേ എടുക്കും. മരണകാരണം ന്യൂമോണിയയാണോയെന്ന് സ്ഥിരീകരിക്കാനായി ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയക്കും. ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ രേഖപ്പെടുത്താത്ത എന്തെങ്കിലും പരിക്കുകൾ മൃതദേഹത്തിലുണ്ടോയെന്നും പരിശോധിക്കും. തുടർന്ന് ഇന്ന് തന്നെ മൃതദേഹം വീണ്ടും സംസ്കരിക്കും. രണ്ട് ആഴ്ചയ്ക്കകം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തയ്യാറാകുമെന്നാണ് കരുതുന്നത്.
'രാജ്കുമാറിന്റെ മൂത്രനാളത്തിൽ പച്ചഈർക്കിൽ കയറ്റി"
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ രാജ്കുമാറിന്റെ മൂത്രനാളത്തിൽ പച്ച ഈർക്കിൽ കയറ്റിയതായി പീരുമേട് ജയിലിലെ സഹതടവുകാരനായിരുന്ന ചാക്കോ പറഞ്ഞതായി ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ്. മൂത്രമൊഴിക്കുമ്പോൾ രക്തമായിരുന്നു വന്നത്. തടവിൽ കഴിയവെ രാജ്കുമാർ ഇക്കാര്യം പറഞ്ഞെന്നാണ് ചാക്കോയുടെ മൊഴി.
യോഗാദിനമായ 21ന് മറ്റ് തടവുകാർ ചടങ്ങുകൾക്ക് പോയി തിരികെയെത്തുമ്പോൾ രാജ്കുമാർ അനക്കമില്ലാതെ തടവുമുറിയിൽ കിടക്കുകയായിരുന്നു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
വാരിയെല്ലുകൾ ഒടിഞ്ഞതെങ്ങനെ?
രാജ്കുമാറിന്റെ രണ്ട് വശങ്ങളിലുമുള്ള അഞ്ച് വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. പീരുമേട് ജയിലിൽ നിന്ന് രാജ്കുമാറിനെ ആശുപത്രിയിലെത്തിച്ചപ്പോഴെടുത്ത സി.പി.ആറിനിടെ സംഭവിച്ചതാണിതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. എന്നാൽ പരിചയമില്ലാത്ത ഡോക്ടർമാർ സി.പി.ആർ എടുത്താൽ രണ്ടോ മൂന്നോ വാരിയെല്ലുകൾ ഒടിയാം. എന്നാൽ രണ്ട് വശങ്ങളിലുമായി ഇത്രയും ഒടിവുണ്ടായതെങ്ങനെയെന്ന സംശയം റീപോസ്റ്റ്‌മോർട്ടത്തിൽ ദൂരീകരിക്കുമെന്ന് നാരായണക്കുറുപ്പ് പറഞ്ഞു.