renuraj
സബ് കളക്ടർ രേണു രാജ് മണ്ണിടിഞ്ഞ സ്ഥലം സന്ദർശിക്കുന്നു

രാജാക്കാട്: കൊച്ചി- മധുര ദേശീയ പാതയിൽ ദേവികുളം ലോക്ക്‌ഹാർട്ട് ഗ്യാപ്പ് ഭാഗത്ത് മലയിടിച്ചിലിൽ റോഡ് തകർന്നു. 15 ദിവസത്തേയ്ക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. മണ്ണിടിച്ചിലിൽ അകപ്പെട്ട രണ്ട് വളർത്ത് പോത്തുകൾക്ക് പരിക്കേറ്റു. ടൂറിസ്റ്റുകൾക്കായി കച്ചവടം നടത്തുന്നതിന് നിറുത്തിയിട്ടിരുന്ന ഒരു വാഹനം തകർന്നു. ദേവികുളം സബ് കളക്ടർ രേണുരാജും നെടുങ്കണ്ടം തഹസീൽദാരും സംഭവസ്ഥലത്തെത്തിയിരുന്നു. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. രാജാക്കാട് ഭാഗത്തേക്ക് നാല് ബൈക്കുകൾ കടന്നുപോയതിന് പിന്നാലെ 200 മീറ്ററോളം ഉയരത്തിൽ നിന്ന് മലയുടെ വലിയൊരു ഭാഗം റോഡ് ഉൾപ്പെടെ ഇടിഞ്ഞ് താഴേയ്ക്ക് പതിയ്ക്കുകയായിരുന്നു. മരങ്ങളും ഇതോടൊപ്പം കടപുഴകി വീണു. 200 മീറ്ററോളം നീളത്തിൽ റോഡ് തകർന്നിട്ടുണ്ട്. റോഡരികിൽ നിറുത്തിയിട്ടിരുന്ന കച്ചവട വാഹനം കല്ലും മണ്ണും പതിച്ച് പൂർണമായി തകർന്നു. ഉള്ളിലുണ്ടായിരുന്ന സാധനങ്ങളും നഷ്ടപ്പെട്ടു. കടയ്ക്കുള്ളിൽ ആരും കിടക്കാറില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. പുലർച്ചെ എത്തിയ യാത്രക്കാർ മുഖാന്തിരമാണ് സംഭവം പുറംലോകം അറിയുന്നത്. പാറക്കെട്ടിലൂടെ മേഞ്ഞുനടക്കുകയായിരുന്ന അഞ്ച് വളർത്തുപോത്തുകളിൽ മൂന്നെണ്ണം ഓടി രക്ഷപെട്ടെങ്കിലും രണ്ടെണ്ണത്തിന്റെ മേൽ മണ്ണും കല്ലും വീണു. ഇതിൽ ഒരെണ്ണത്തിന്റെ കാൽ ഒടിഞ്ഞു. സബ്‌കളക്ടറുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പിലെയും മൃഗ സംരക്ഷണ വകുപ്പിലെയും ജീവനക്കാരെത്തി ചികിത്സ നൽകി. ദേശീയപാതയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്താൽ രാവിലെതന്നെ മണ്ണ് നീക്കുന്ന ജോലികൾ ആരംഭിച്ചു.

രണ്ട് ദിവസത്തെ മഴ കാരണമാകാം

പ്രദേശത്ത് രണ്ട് ദിവസമായി കനത്ത മഴയായിരുന്നു. പാറപൊട്ടിച്ചതിനെ തുടർന്ന് ഇളക്കം തട്ടിയ മല മഴയിൽ കുതിർന്നതിനെ തുടർന്ന് ഇടിഞ്ഞുവീഴുകയായിരുന്നെന്നാണ് കരുതുന്നത്. മറിഞ്ഞുവീണ കൂറ്റൻ പാറകൾ വെടിവച്ച് പൊട്ടിച്ച് നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്.

പൂർവസ്ഥിതിയിലാകാൻ മാസങ്ങൾ

തടസങ്ങൾ നീക്കി പാത പൂർവസ്ഥിതിയിലാക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് നിഗമനം. 15 ദിവസത്തേക്ക് വാഹനങ്ങൾ പൂപ്പാറ, രാജാക്കാട്, ദേവികുളം റൂട്ടിലൂടെ തിരിച്ചുവിടുമെന്ന് ദേശീയപാത വിഭാഗം ദേവികുളം സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റെക്സ് ഫെലിക്സ് അറിയിച്ചു.