കുമളി: കേരളകൗമുദി ഉയർത്തിപിടിക്കുന്ന ജനവികാരം ഇനിയും തുടരേണ്ടതുണ്ടെന്ന് ഇ.എസ്. ബിജിമോൾ എം.എൽ.എ പറഞ്ഞു. കേരളകൗമുദി കുമളി ന്യൂസ് ബ്യൂറോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ശാസ്ത്രം അനുദിനം വളർച്ച പ്രാപിച്ചുവരികയാണ്. ചന്ദ്രയാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭ്രമണപഥത്തിലെത്തി പുത്തൻ നേട്ടങ്ങൾ നൽകും. ഇത്തരമൊരു കാലഘട്ടത്തിൽ അച്ചടി മാദ്ധ്യമങ്ങൾ മുൻപന്തിയിലേക്ക് വരേണ്ടതുണ്ട്. എല്ലാം വിരൽതുമ്പിലൂടെ അറിയുന്ന തലമുറയാണ് ഇപ്പോഴുള്ളത്. അവർക്കും സാമാന്യജനവിഭാഗത്തിനും അറിവ് നൽകുന്ന പുതിയ ആവിഷ്കാരങ്ങളാണ് അച്ചടി മാദ്ധ്യമങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മാദ്ധ്യമങ്ങൾ ജനങ്ങളിൽ വാർത്തകളും വിശകലനങ്ങളും എത്തിക്കുന്നതോടൊപ്പം സത്യാവസ്ഥയ്ക്ക് കൂടി പ്രധാന്യം നൽകണം. ഏതൊരു വിവാദ വിഷയങ്ങളിലും അതുമായി ബന്ധപ്പെട്ട ഒരു സത്യം കൂടിയുണ്ട്. ഇതുമറച്ചുവച്ചാകരുത് വാർത്തകൾ ജനങ്ങളിൽ എത്തിക്കേണ്ടത്. ഇത്തരം കാര്യങ്ങൾക്ക് ഉദാഹരണങ്ങൾ ഏറെയുണ്ട്. സോഷ്യൽ മീഡിയയുടെ അതിപ്രസരം അച്ചടി മാദ്ധ്യമങ്ങൾ പിന്നോട്ട് പോകാൻ കാരണമാകുന്നുണ്ട്. സമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരു ടിക് ശബ്ദത്തിലൂടെ വിരൽത്തുമ്പിൽ എത്തുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വ്യത്യസ്തമായ ശൈലിയിലൂടെ വായനക്കാരെ സൃഷ്ടിക്കാൻ അച്ചടിമാദ്ധ്യമങ്ങൾക്ക് കഴിയണമെന്നും ബിജിമോൾ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുമളി ശാഖാ ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പീരുമേട് യുണിയൻ സെക്രട്ടറി കെ.പി. ബിനു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ദാനിയേൽ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി രാജേന്ദ്രലാൽ ദത്ത്, കുമളി വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി വി.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. കുമളി ലേഖകൻ ബെൽഗി ബാബു സ്വാഗതവും കേരളകൗമുദി സീനിയർ സബ്എഡിറ്റർ സുഭാഷ് പി.ടി നന്ദിയും പറഞ്ഞു.