അടിമാലി: പാഴ് വസ്തുക്കളെ തരംതിരിച്ച് ശേഖരിക്കുന്ന ശീലം സ്‌കൂൾ കുട്ടികളിൽ എത്തിക്കുന്നതിന് ഹരിതകേരളം ജില്ലാ മിഷൻ വിദ്യാലയങ്ങളിൽ 'പെൻ ഫ്രണ്ട്സ്' എന്ന പേരിൽ പ്രതീകാത്മക പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. സ്‌കൂളുകളിലും കോളജുകളിലും പ്രകൃതി സൗഹൃദ പെട്ടികൾ സ്ഥാപിച്ച് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പേനകൾ ഒന്നാകെ സമാഹരിക്കുന്നതാണ് പരിപാടി. ഈ പേനകൾ പുനചംക്രമണത്തിനായി ക്ലീൻ കേരള കമ്പനിയ്ക്ക് കൈമാറുമെന്ന് ജില്ലാ കളക്ടർ എച് ദിനേശൻ അറിയിച്ചു.കഴിഞ്ഞ ദിവസം ചേർന്ന ഹരിതകേരളം മിഷന്റെ ടാസ്‌ക്‌ഫോഴ്സ് യോഗ തീരുമാന പ്രകാരമാണ് പരിപാടി.ഓഗസ്റ്റ് ഒന്നുമുതൽ പത്തുവരെ തീയതികളിലാണ് പെൻഫ്രണ്ട്സ് പരിപാടി നടത്തുക.സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ്സ് ,എൻ.എസ്.എസ്.,എൻസിസി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് എന്നിവയുടെ മേൽനോട്ടത്തിലാകും പരിപാടികൾ സംഘടിപ്പിക്കുക.
സ്‌കൂളുകളിൽ നിന്നും പത്ത്ദിവസം ശേഖരിച്ച പാഴ്‌പ്പേനകൾ 12,13 തീയതികളിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെത്തിക്കും. അവിടെ നിന്നും ജില്ലാ ഹരിതകേരളം മിഷൻ ഏറ്റുവാങ്ങി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെത്തിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
സിബിഎസ്ഇ സ്‌കൂളുകളും ഈ മാലിന്യ നിർമ്മാർജ്ജന പരിപാടിയിൽ പങ്കാളികളാകുന്നുണ്ടെന്ന് ഹരിതകേരളം ജില്ലാ കോർഡിനേറ്റർ ഡോ. ജി എസ് മധു അറിയിച്ചു.
സ്‌കൂളുകളിലെ എല്ലാ എസ് പി സി കേഡറ്റ് യൂണിറ്റുകൾക്കും പെൻ ഫ്രണ്ട്സ് പരിപാടി വിജയിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയതായി ജില്ലാ അസി.നോഡൽ ഓഫിസർ എസ് ആർ സുരേഷ് ബാബു പറഞ്ഞു.എല്ലാ എൻഎസ്എസ് വോളന്റിയർമാരും പരിപാടിയിൽ പങ്കാളികളാകുമെന്ന് ജില്ലാ കോഓർഡിനേറ്റർ ഡോ. പി ആർ സതീഷ് അറിയിച്ചു.ഇടുക്കി ,സെൻട്രൽ കേരള സഹോദയകളിൽ അംഗങ്ങളായ എല്ലാ സ്‌കൂളുകളുകളും ഈ മാലിന്യവിരുദ്ധ പ്രചാരണപരിപാടിയിൽ പങ്കാളികളാകുമെന്ന് ഭാരവാഹികളായ ജോസ് ജെ പുരയിടം,ബോബി ജോസഫ് എന്നിവർ അറിയിച്ചു.ഇതു സംബന്ധിച്ച നിർദ്ദേശം ഇതിനകം തന്നെ സ്‌കൂളുകൾക്ക് നൽകിയതായും ഇരുവരും പറഞ്ഞു.
"ഇപ്പോൾ എല്ലാവരും ഡിസ്‌പോസിബിൾ പേനകൾ മാത്രമാണ് ഉപയോഗിക്കുന്നത്.എഴുതിത്തീർക്കുക, വലിച്ചെറിയുക എന്നത് ശീലവുമായി.ഉപയോഗ ശേഷം വലിച്ചെറിയാനുള്ളതല്ല പേനകളെന്ന സന്ദേശമാണ് പെൻ ഫ്രണ്ട്സ് കാമ്പെയിനിലൂടെ നൽകുന്നത്.പാഴ് വസ്തുക്കൾ തരംതിരിച്ച് ശേഖരിച്ച് സൂക്ഷിക്കുന്നതിലൂടെ അതിനെ മൂല്യവത്താക്കി മാറ്റാനാവും.".