തൊടുപുഴ: റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 'ഇല' പദ്ധതി തുടങ്ങി. സ്വദേശിയും വിദേശിയുമായ ഇരുപതിലധികം ഭക്ഷ്യയോഗ്യമായ ഇലച്ചെടികൾ കൃഷിചെയ്ത് സംഭരിക്കുകയും വിപണനം ചെയ്യുകയുമാണ് ഉദ്ദേശിക്കുന്നത്. താലൂക്കിലെ ഓരോ ഭാഗങ്ങളിലും ഇതിനായി സംഘത്തിന്റെ പേരിൽ ക്ലസ്റ്ററുകൾ രൂപവത്കരിക്കും. കുമാരമംഗലത്ത് കെ.കെ. ശ്രീകുമാറിന്റെ കൃഷിസ്ഥലത്ത് വിത്തുവിതച്ചുകൊണ്ട് പി.ജെ. ജോസഫ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷിയിൽ ശാസ്ത്രീയതയേക്കാൾ നാട്ടറിവുകൾക്ക് പ്രാധാന്യമുണ്ടെന്ന് പി.ജെ.ജോസഫ് പറഞ്ഞു. കൃഷിയിലും കീടനിയന്ത്രണത്തിലും മുൻതലമുറക്കാർ തുടർന്നുവന്ന പലരീതികളും വിസ്മരിച്ചത് കാർഷികരംഗത്തിന് തിരിച്ചടിയായി. കൃഷിയോടൊപ്പം കന്നുകാലി പരിപാലനവും ഓരോ വീടിന്റെയും ഭാഗമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഘം പ്രസിഡന്റ് കെ.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. പി.എ.ബിനീഷ്, പ്രൊഫ.എം.ജെ.ജേക്കബ്, ആന്റണി കണ്ടിരിക്കൽ, ജലജാ ശശി, സജീവൻ കാവുങ്കര, കെ.കെ.ശ്രീകുമാർ, ടി.ജി.ബിജു, ടി.വി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.