തൊടുപുഴ: നാടിനെ നടുക്കിയ കമ്പകക്കാനം കൂട്ടക്കൊല നടന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കഴിഞ്ഞ ജൂലായ് 29നായിരുന്നു വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ അടിച്ചും കുത്തിയും കൊലപ്പെടുത്തി വീടിന് സമീപം കുഴിച്ചുമൂടിയത്. രണ്ട് ദിവസത്തിന് ശേഷമാണ് വിവരം പുറം ലോകം അറിയുന്നത്. കൊലപാതകത്തിന്റെ ആസൂത്രകനും കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനുമായ അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷ്, ഇയാളുടെ സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബു എന്നിവരും ഇവർക്ക് സഹായങ്ങൾ ചെയ്ത തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ്, മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് എന്നിവരുമാണ് പ്രതികൾ. കൃഷ്‌ണന്റെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അനീഷും ലിബീഷ് ബാബുവും കൊലപാതകം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കൃഷ്‌ണന്റ വീട്ടിലെത്തിയ അനീഷും ലിബീഷും ആദ്യം ഇവരുടെ ആടിനെ ഉപദ്രവിച്ചു. ആട് കരയുന്ന ശബ്ദം കേട്ട് കൃഷ്ണൻ പുറത്തിറങ്ങിയപ്പോൾ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തി. തുടർന്ന് സുശീലയെയും മകൾ ആർഷയെയും മാനസിക വെല്ലുവിളി നേരിടുന്ന മകൻ അർജുനെയും തലക്കടിക്കുകയും വാക്കത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയുമായിരുന്നു. പിറ്റേന്ന് രാത്രി ആട്ടിൻകൂടിനു സമീപം കുഴിയെടുത്ത് മൃദേഹങ്ങൾ മൂടുകയും ചെയ്തു. കൃഷ്‌ണന്റെ വീട്ടിൽ നിന്ന് 20 പവനോളം സ്വർണവും പണവും കവർച്ച നടത്തി. കൊലയ്ക്ക് ഉപയോഗിച്ച 12 ആയുധങ്ങളാണ് പൊലീസ് സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയത്.

കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും

ഒരു വർഷം തികയുന്ന ഇന്ന് തന്നെ കേസിന്റെ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിക്കും. ആയുധങ്ങളുടെയും മറ്റ് ശാസ്ത്രീയ പരിശോധനകളുടെയും റിപ്പോർട്ട് ലഭിക്കാനുള്ള കാലതാമസമുണ്ടായതാണ് കുറ്റപത്രം സമർപ്പിക്കാൻ ഒരു വ‍ർഷം സമയമെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി മുന്നൂറോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെല്ലാവരും ഇപ്പോൾ ജാമ്യത്തിലാണ്. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ്, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി ആന്റണി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആറ് സി.ഐമാരുൾപ്പെടെ 65 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.