മറയൂർ: ഗ്രാന്റീസ് മരങ്ങൾ മുറിച്ച് മാറ്റി, പക്ഷെ പൊട്ടിമുളച്ച് വീണ്ടും പാരിസ്ഥിതിക പ്രശ്നങ്ങൾ തീർക്കുന്നു. പരിസ്ഥിതിക്ക് ദോഷമെന്ന നിലയിൽ തോട്ടങ്ങളിൽനിന്നും ഗ്രാന്റിസ് മരങ്ങൾ നീക്കണമെന്ന നാല് വർഷം മുമ്പുള്ള കാടതി വിധിയാണ് ലംഘിക്കുന്നത്. നാട്ടുകാരുടെ നീണ്ട നാളത്തെ സമരങ്ങൾക്കൊടുവിലാണ് ഗ്രാന്റിസ് മരങ്ങൾ ഇനി വെച്ച് പിടിപ്പിക്കരുതെന്നും നിലവിലുള്ളവ വെട്ടിമാറ്റാനും നിർദേശമുണ്ടായത്. എന്നാൽ മുറിച്ചുമാറ്റിയ തോട്ടങ്ങളിൽ പൊട്ടിമുളച്ച വളരുന്നവ നശിപ്പിക്കാൻ നടപടികൾ ഒന്നും നടക്കാത്തതാണ് വീണ്ടും ആശങ്കക്ക് ഇടയാക്കിയിരിക്കുന്നത്. പ്രദേശത്തെ ഗ്രാന്റീസ് തോട്ടത്തിന്റെ ഉടമകളിൽ ഭൂരിഭാഗവും ജില്ലക്ക് പുറത്തുനിന്നുള്ളവരാണ് നടീൽ കഴിഞ്ഞ് തോട്ടം കാവലിന് തദ്ദേശിയരായ ആളുകളെ മാസ വേതന നിരക്കിൽ നിയമിച്ച ശേഷം തോട്ടങ്ങൾ മുറിച്ച് വിൽപ്പന നടക്കുന്ന സമയത്താണ് ഇവർ തിരികെ എത്തുന്നത്. ഗതാഗത സൗകര്യമനുസരിച്ച ശശാശരി ഒരു ഏക്കറിലെ ഗ്രാന്റീസിന് അഞ്ചുലക്ഷം രൂപ ലഭിക്കും മരം മുറിച്ചു നീക്കിയാൽ വീണ്ടു നടീൽ ആവശ്യമില്ല മുറിച്ച മരത്തിൽ നിന്നും തളിർപ്പുകൾ ഒരു മാസത്തിനുള്ളിൽ തന്നെ പൊട്ടിമുളച്ച് വളരും. മുറിച്ച് നീക്കിയ പട്ടയഭൂമിയിൽ ഗ്രാന്റീസ് മരങ്ങൾ വീണ്ടും വളർത്താൻ പാടില്ല എന്ന വ്യവസ്ഥയോടെയാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത് എന്നാൽ നിലവിൽ ഇവ പാലിക്കപ്പെടാത്ത സാഹചര്യമാണ് മുറിച്ച തോട്ടങ്ങളിലെ കുറ്റികൾ ആരും തന്നെ നശിപ്പിച്ചിട്ടില്ല. രാസമാർഗത്തിലൂടെ നശിപ്പിക്കാൻ താത്പര്യമുള്ള കർഷകർക്ക് അതിനുള്ള മാർഗ്ഗങ്ങൾ സർക്കാർ വകുപ്പുകൾ ഒന്നും തന്നെ നിർദേശിച്ചിട്ടില്ല. മുറിച്ച തോട്ടങ്ങളിൽ വീണ്ടു ഗ്രാന്റീസ് വളർത്താതിരിക്കാൻ വേണ്ട ജാഗ്രത സർക്കാർ വകുപ്പുകൾ പാലിച്ചില്ലെങ്കിൽ പരിസ്ഥിതിക്ക് നാശകരമായ ഗ്രാന്റീസ് മരങ്ങൾ വീണ്ടും വളരാൻ സാധ്യത ഏറെയാണ്. പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ച് മാറ്റുന്നതിനായി മറയൂർ കാന്തല്ലൂർ കീഴാന്തൂർ വട്ടവട കൊട്ടാക്കൊമ്പൂർ തുടങ്ങിയ അഞ്ചു വില്ലേജുകളിൽ 2015 ഫെബ്രുവരി രണ്ടാം തീയതി മുതൽ സർക്കാർ ഏർപ്പെടുത്തിയ നിരോധനമാണ് സർക്കാർ ഉത്തരവ് ഭേദഗതികളോടെ പുറത്തിറക്കിയത്. റവന്യു, വനം, മണ്ണു സംരക്ഷണ വകുപ്പുകളുടെ വിശദമായ പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഗ്രാന്റീസ് മരങ്ങൾ പിഴുത് മാറ്റുന്നത് മൂലം വലിയ തോതിൽ മണ്ണൊലിപ്പിന് സാദ്ധ്യത ഉണ്ടാകുമെന്നും ഭാവിയിൽ ഏതൊരു വിളയും കൃഷിചെയ്യുന്നതിന് ആ പ്രദേശം അനുയോജ്യമല്ലാതായി തീരുമെന്നും റിപോർട്ട് നല്കിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്. പ്രകൃതിക്ക് ദോഷമായ ഗ്രാന്റീസ് മരങ്ങൾ പിഴുതു മാറ്റുന്നതിന് പകരം മുറിച്ച് നീക്കം ചെയ്യുന്നതിനാണ് നിർദ്ദേശം നൽകിയിരുന്നത്. ഇത്തരത്തിൽ മുറിച്ച നീക്കം ചെയ്യുമ്പോൾ മുളച്ചു വരുന്ന മുകുളങ്ങൾ യാന്ത്രിക മാർഗ്ഗങ്ങളിലൂടെയും രാസ മാർഗ്ഗങ്ങളിലൂടെയും പൂർണ്ണമായും നശിപ്പിക്കണമെന്നും ഉത്തരവിൽ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട് . അവശേഷിക്കുന്നവ കത്തിച്ച നശിപ്പിക്കണമെന്നും മരങ്ങൾ മുറിച്ച് മാറ്റുന്നിടത്ത് അനുയോജ്യ വിളകൾ നിശ്ചയിച്ച് കൃഷി ചെയ്യുന്നതിനായി കൃഷി വനം പരിസ്ഥിതി മണ്ണ സംരക്ഷണ ജലവിഭവ എന്നീ വകുപ്പുകളിൽ നിന്നുള്ള വിദധതരെയും റവന്യു തദേശ സ്വയംഭരണം, ജില്ലാ ഭരണകൂടം എന്നിവയിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കമ്മറ്റി രൂപീകരിക്കണം എന്നും നിർദ്ദേശിച്ചിരുന്നു. അപകടകാരികളായ മരങ്ങൾ നീക്കം ചെയ്യാൻ ഉത്തരവ് ഇറങ്ങിയത് ആശ്വാസമായെങ്കിലും മരം മുറിക്കുന്നത് ആരംഭിച്ചശേഷം വീണ്ടും വളരുന്നത് നശിപ്പിക്കാൻ തയ്യാറാവത്തത് വീണ്ടും പ്രശ്നങ്ങൾക്ക് ഇടയാക്കുകയാണ്.