തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ മുൻ ഇടുക്കി എസ്.പിയെ ക്രൈംബ്രാഞ്ച് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ലോക്സഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ ക്രൈം ബ്രാഞ്ച് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. അക്രമാസക്തരായ പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിയുകയും ബാരിക്കേഡ് തകർക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11.30ന് മുനിസിപ്പൽ പ്രൈവറ്റ്ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്. ഗാന്ധിസ്‌ക്വയറിൽ പാലത്തിന് മുമ്പിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രതിരോധം തീർത്തിരുന്നു. ആദ്യം പ്രവർത്തകർ ബാരിക്കേഡ് പിടിച്ചുകുലുക്കി മറിച്ചിടാനും പൊലീസിനെ കൊടികൊണ്ട് അടിക്കാനും ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. ഉദ്ഘാടനയോഗത്തിന് ശേഷം പൊലീസിനെതിരെ മുദ്രാവാക്യം വിളികളുമായെത്തിയ ഒരു കൂട്ടം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ബാരിക്കേഡുകളിലൊന്ന് മറിച്ചിട്ട പ്രവർത്തകർ കൊടികൾ ഉപയോഗിച്ച് പൊലീസിനെ അടിക്കുകയും കല്ലെറിയുകയും ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സമീപ സ്റ്റേഷനുകളിൽ നിന്നും ക്യാമ്പിൽ നിന്നുമായി വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു. പ്രതിഷേധം ശക്തമായാൽ ചെറുക്കുന്നതിനായി ജലപീരങ്കിയും സജ്ജമായിരുന്നു. പ്രവർത്തകർ നിരവധി തവണ കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചെങ്കിലു പൊലീസ് സംയമനം പാലിച്ചു. ബാരിക്കേഡ് പൊളിച്ച് അകത്തു കടക്കാൻ ശ്രമിച്ച പ്രവർത്തകരെ നേതാക്കളെത്തി പിന്തിരിപ്പിച്ചതും സംഘർഷത്തിന് അയവുവരുത്തി. തുടർന്ന് പൊലീസിനെ കല്ലെറിഞ്ഞും മുദ്രാവാക്യം വിളിച്ചും പതിയെ പ്രവർത്തകർ പാർട്ടി ഓഫീസിലേയ്ക്ക് മടങ്ങി പോയി. സംഘർഷത്തിൽ എ.ആർ ക്യാമ്പിലെ ഉൾപ്പടെ രണ്ടു പൊലീസുകാർക്ക് കൈയ്ക്കും കാലിനും പരിക്കേറ്റു.
രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി
പ്രതിഷേധവുമായി ബന്ധപ്പെട്ട് നഗരത്തിൽ രണ്ട് മണിക്കൂറോളം ഭാഗികമായി ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പാലം വഴിയുള്ള വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിച്ചു വിട്ടിരുന്നു.
പൊലീസ് വണ്ടി മരണവണ്ടിയായി: പി.ടി. തോമസ്
പിണറായി വിജയൻ ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്ത് പൊലീസ് വണ്ടി ജനങ്ങൾ കാണുന്നത് മരണവണ്ടി പോലെയാണെന്ന് പി.ടി. തോമസ് എം.എൽ.എ. യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഒന്നാം പ്രതിയാക്കേണ്ട ഇടുക്കി മുൻ എസ്.പിയെ ഈ സർക്കാർ പ്രൊമോഷൻ കൊടുത്ത് സംരക്ഷിക്കുകയാണ് ചെയ്തത്. അന്വേഷണസംഘം ചില രഹസ്യ ചർച്ചകൾ നടത്തിയതായും വിവരമുണ്ട്. അതിനാൽ ഈ അന്വേഷണ സംഘം കേസന്വേഷിച്ചാൽ സത്യം പുറത്തുവരുമോയെന്നും സംശയമുണ്ട്. ജില്ലയിലുണ്ടായ പല കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും മൂടി വയ്ക്കുന്നതിന് മുൻ ജില്ലാ പൊലീസ് മേധാവി ശ്രമിച്ചു. സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ കൂറുമാറി പിണറായിക്കൊപ്പം ചേർന്നെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് ബിജോ മാണി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ റോയ്. കെ പൗലോസ്, ജോയ് തോമസ്, ടോണി തോമസ്, സി.എം മുനീർ എന്നിവർ പ്രസംഗിച്ചു.