cash

രാജാക്കട് : മോദി സർക്കാർ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയിൽ പതിനയ്യായിരം രൂപ വീതം മാസാമാസം കിട്ടുമെന്ന പ്രചരണത്തെ തുടർന്ന് മൂന്നാർ ഹെഡ് പോസ്റ്റ് ഓഫീസിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാൻ രാത്രിയിലും വൻ തിരക്ക്. നെയ്മക്കാട്, കന്നിമല, പെരിയവരൈ തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിൽ നിന്നും അവധിയെടുത്താണ് തൊഴിലാളികൾ കൂട്ടത്തോടെ പോസ്റ്റ് ഓഫീസിലേക്ക് ഒഴുകിയെത്തിയത്. വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്നുള്ള തമിഴിലുള്ള ബോർഡ് അധികൃതർ പോസ്റ്റ് ഓഫീസിന്റെ മുറ്റത്ത് പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ആളുകൾ എത്തിക്കൊണ്ടിരുന്നത്. അവധി ദിവസം ആയിരുന്നിട്ടുകൂടി ഞായറാഴ്ച ആയിരത്തോളം അക്കൗണ്ടുകൾ പുതിയതായി തുറന്നു. സംഭവം കേട്ടറിഞ്ഞ് ഇന്നലെയും മൂന്നാറിലെ വിവിധ സബ് പോസ്റ്റ് ഓഫീസുകളിൽ നൂറിലേറെ പേരെത്തി. എന്നാൽ ഇന്റർനെറ്റ് തകരാർ മൂലം അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല. രാജ്യത്തെ ആയിരം പോസ്റ്റ് ഓഫീസുകൾ 'ഇന്ത്യ പോസ്റ്റ് പേയ്മന്റ് ബാങ്ക് " ആക്കിയതിൽ മൂന്നാർ ഹെഡ് പോസ്റ്റ് ഓഫീസും ഉൾപ്പെട്ടിട്ടുണ്ട്. തൊഴിലാളികൾ കൂടുതലുള്ള പ്രദേശമായതിനാൽ അവരുടെ സൗകര്യാർത്ഥം പുതിയ അക്കൗണ്ടുകൾ തുറക്കാൻ ഞായറാഴ്ചയും പ്രവർത്തിദിനം ആക്കിയിരുന്നു.

ഈ വാർത്തകൾക്കൊപ്പമാണ് പോസ്റ്റ് ഓഫീസിൽ എസ്.ബി അക്കൗണ്ട് തുറന്നാൽ അതിലേക്ക് പതിനയ്യായിരം രൂപ വീതം മാസം തോറും കേന്ദ്ര സർക്കാർ നിക്ഷേപിക്കുമെന്ന വാട്സ് ആപ്പ് സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. കാര്യമായ വിദ്യാഭ്യാസമില്ലാത്ത തമിഴ് തൊഴിലാളികൾ ഇത് അപ്പാടെ വിശ്വസിക്കുകയും ചെയ്തു. ഫോട്ടോ, റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകളുമായി ഞായറാഴ്ച്ച രാവിലേ മുതൽ തന്നെ കിട്ടിയ വാഹനങ്ങളിൽ കയറി ഇവർ പോസ്റ്റ് ഓഫീസിൽ എത്തുവാൻ തുടങ്ങി. വൈകാതെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടതോടെ ജീവനക്കാർ അൽപ്പം അമ്പരന്നെങ്കിലും പരമാവധി അക്കൗണ്ടുകൾ തുറന്നുകൊടുക്കാൻ തീരുമാനിച്ചു. രാത്രി ആയിട്ടും ക്യൂവിന് കൂറവ് വാരതിരുന്നതിനെ തുടർന്ന് അപ്പോൾ ഉണ്ടായിരുന്ന മുഴുവൻ പേർക്കും ടോക്കൺ നൽകി. ഞായറാഴ്ച്ച മാത്രം ആയിരത്തിലധികം അക്കൗണ്ടുകൾ ആണ് തുറന്നത്. ഇന്നലെ അതിരാവിലെ തന്നെ എസ്റ്റേറ്റുകളിലെ പണി ഉപേക്ഷിച്ച് ആളുകൾ കൂട്ടമായി എത്താൻ തുടങ്ങി. ഏഴ് ജീവനക്കാർ കിണഞ്ഞ് പരിശ്രമിച്ചാണ് അക്കൗണ്ടുകൾ തുറന്നുകൊടുക്കുന്നത്. തിരക്ക് ഏറിയതോടെ ജനങ്ങളെ നിയന്ത്രിക്കാനായി പൊലീസും എത്തിച്ചേർന്നിരുന്നു.

'മൂന്നാർ ഡിജിറ്റൽ ഗ്രാമം ആകുന്നതിൽ സന്തോഷമാണുള്ളത്. പരമാവധി അക്കൗണ്ടുകൾ തുറന്ന് നൽകാൻ ഞങ്ങൾ ജീവനക്കാർ രാപകൽ ശ്രമിക്കുന്നുണ്ട്. എന്നാൽ ജനങ്ങൾ വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുത്. അക്കൗണ്ട് തുടങ്ങിയാൽ ജനങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ട് തന്നെ പണമിടപാടുകൾ നടത്തുന്നതിനും വിവിധ ബില്ലുകൾ അടയ്ക്കുന്നതിനും സാധിയ്ക്കും. "

​​- പരമശിവം (പോസ്റ്റൽ സൂപ്രണ്ട്)