ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദനം നൽകി തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി അൽഫോൻസാ നഗർ സ്വദേശി ആഞ്ഞിലിമൂട്ടിൽ സ്റ്റീവോയാണ് (20) അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിനാണ് പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടികൊണ്ടുപോയത്. സൈബർസെല്ലിന്റെ സഹായം തേടിയെങ്കിലും ഇവർ മൊബൈൽ ഉപയോഗിക്കാത്തതിനാൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്‌മോഹന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. പെൺകുട്ടിയുമായി പോയ യുവാവ് നിലമ്പൂരിൽ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു ഒളിച്ചുതാമസിച്ചിരുന്നത്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ അവിടെ നിന്ന് മുങ്ങി. പിന്നീട് നീലഗിരിയിലെത്തിയ ഇവരെക്കുറിച്ച് സംശയം തോന്നിയ ചിലർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കട്ടപ്പന സി.ഐ വി.എസ് അനിൽകുമാർ, തങ്കമണി എസ്.ഐ സി.പി രഘുവരൻ, എ.എസ്.ഐ സജിമോൻ ജോസഫ്, അഗസ്റ്റിൻ, സി.പി.ഒ ബേസിൽ എന്നിവരടങ്ങുന്ന പൊലീസ് സംഘം നീലഗിരിയിലെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.