ദേവികുളം: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ദേവികുളം ആർ.ഡി.ഒ ഓഫീസിൽ സബ് കളക്ടർ ഡോ. രേണുരാജിനെ കാണാൻ ബാലപഞ്ചായത്തംഗങ്ങൾ എത്തി. ജില്ലാ ബാല പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരടങ്ങിയ കുട്ടികളുടെ സംഘമാണ് സബ് കളക്ടറെ കാണാനെത്തിയത്.
കുട്ടികളെ ജനാധിപത്യ സംവിധാനങ്ങളെ കുറിച്ച് ബോധവാൻമാരാക്കുന്നതിനു കുടുംബശ്രീ വഴി രൂപം നൽകിയിട്ടുള്ളതാണ് ബാലസഭ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് അവരുടെ പ്രവർത്തന മേഖലയിൽ ബാലസഭയുടെ പുരോഗതിക്കായുള്ള സാധ്യതകൾ ആരായുക, ബാലസഭ സംഘടന വിപുലീകരണം, മദ്യം മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെയുള്ള ബോധവൽക്കരണം പോഷകാഹാരത്തിന്റെ ലഭ്യത, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ സ്‌കൂളുകളിലേക്കുള്ള യാത്രാ ബുദ്ധിമുട്ടുകൾ, എന്നിവയെല്ലാം സബ്കളക്ടറോട് നടന്ന സംവാദത്തിൽ വിഷയമായിരുന്നു. കുട്ടികൾക്കു ലക്ഷ്യബോധം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത, കൂട്ടുകുടുംബം, സ്ത്രീസുരക്ഷശാക്തീകരണം,സേവനപ്രവർത്തനങ്ങൾ, ജനാധിപത്യത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളിൽ ഡോ. രേണുരാജ് കുട്ടികളുമായി ആശയ വിനിമയം നടത്തി.
യോഗത്തിൽ ജില്ലാ ബാല പഞ്ചായത്ത് പ്രസിഡന്റ് നന്ദന സജി, വൈസ് പ്രസിഡന്റ് ഹർഷദ് അലി, ജില്ലാ പ്രോഗ്രാം മാനേജർമാരായ ബിബിൻ കെ.വി, ബിജു ജോസഫ്, ബ്ലോക്ക് കോഓർഡിനേറ്റർമാരായ ശ്രീജിത്ത് എസ്, പ്രവീൺ സി.വി തുടങ്ങിയവർ പങ്കെടുത്തു.

2 ജില്ലാ ബാലപഞ്ചായത്തംഗങ്ങളുമായി് ദേവികുളം സബ്കളക്ടർ ഡോ. രേണുരാജ് സംസാരിക്കുന്നു.