*പരിക്കേറ്റുകിടന്ന പോത്തിനെ രക്ഷപെടുത്തി.
*തകർന്ന രണ്ട് വാഹനങ്ങൾ ഉയർത്തിയെടുത്തു.
.

രാജാക്കാട് : ദേവികുളം ലോക്ക്ഹാർട്ട് ഗ്യാപ്പിൽ മലയിടിച്ചിൽ ഉണ്ടായ ഭാഗത്തെ മണ്ണും പാറക്കൂട്ടങ്ങളും നീക്കുന്ന ജോലികൾ വേഗത്തിലാക്കി. ഞായറാഴ്ച്ച പുലർച്ചെ നാലോടെ ഉണ്ടായ മല ഇടിച്ചിലിൽ ഇരുനൂറ്റിയൻപത് മീറ്ററിലേറെ ഉയരമുള്ള മലയാണ് താഴേയ്ക്ക് പതിച്ചത്. ഇരുനൂറ് മീറ്ററിലേറെ റോഡ് പാടേ തകർന്നിരുന്നു. 8 മണ്ണുമാന്തിയന്ത്രങ്ങൾ, , 15 ജാക്കികൾ, പതിനഞ്ചിലേറെ ടിപ്പറുകൾ ,കംപ്രസ്സർ എന്നിവ ഉപയോഗിച്ച് അൻപതോളം തൊഴിലാളികളാണ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. മലയിടിച്ചിലിൽ പരിക്കേറ്റ് ആയിരം അടിയോളം താഴ്ച്ചയിൽ കിടന്നിരുന്ന പോത്തിനെ രണ്ട്മണിക്കൂർ ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. കച്ചവടം നടത്തുന്നതിന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾ തകർന്നത് യന്ത്ര സഹായത്താൽ ഉയർത്തിയെടുത്തു. ദേശീയപാത അധികൃതരും റവന്യൂ സംഘവും സ്ഥലത്തെത്തി പണികളുടെ പുരോഗതി വിലയിരുത്തുന്നുണ്ട്.

ദേശീയ പാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 41.78 കിലോമീറ്റർ ദൂരം 381 കോടി രൂപ ചെലവിലാണ്10.5 മീറ്റർ വീതിയിൽ ഇരുവരി പാതയായി വികസിപ്പിക്കുന്നത്. കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ ഗ്യാപ്പ് ഭാഗത്തെ അപകടം പിടിച്ച ഒരു കിലോമീറ്റർ ദൂരം തുടക്കം മുതൽ തന്നെ നിർമ്മാണത്തിന് വെല്ലുവിളി ആയിരുന്നു. മുൻപ് രണ്ട് തവണ ഇവിടെ മലയിടിച്ചിൽ ഉണ്ടായിരുന്നു. വീതി വർദ്ധിപ്പിക്കൽ പൂർത്തിയാക്കിയ ഭാഗമാണിവിടം. അടർന്ന് വീണ കൂറ്റൻ പാറകൾ വെടിവച്ച് പൊട്ടിച്ചാണ് നീക്കം ചെയ്യുന്നത്. ഇതിനിടയിലും മണ്ണിടിച്ചിൽ തുടരുന്നതുമൂലം തൊഴിലാളികൾ ഭീതിയോടെയാണ്ജോലിചെയ്യുന്നത്.

ഗ്യാപ് റോഡിൽ ചിറ്റക്കാട്ടുകുഴി മധുവിന്റെ അഴിച്ചുവിട്ട് വളർത്തുന്ന അഞ്ചു പോത്തുകളിൽ ഒന്നാണ് അപകടത്തിൽ പെട്ടത്. മലയിടിച്ചിലിനിടയിൽ ആയിരമടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് വീണ മുന്ന് വയസുള്ള പോത്തിന്റെ മുൻകാൽ ഒടിഞ്ഞിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് ജീവനക്കാരും മൃഗഡോക്ടറും എത്തി ചികിത്സ നൽകി. നടക്കാനാവാതെ കിടന്ന പോത്തിനെ മൂന്നാർ ഫയർ ആന്റ് റെസ്‌ക്യൂ യൂണിറ്റിലെ സെക്ഷൻ ഓഫീസർ സുവികുമാറിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘം രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തെ തുടർന്ന് ജെ.സി.ബിയുടെ സഹായത്തോടെയാണ് മുകളിലെത്തിച്ചത്

അരമാസത്തിനുള്ളിൽ തടസങ്ങൾ നീക്കും

.മൂന്നാർ, ചിന്നക്കനാൽ, തേക്കടി, രാമക്കൽമേട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകൾ എത്തുന്ന ഓണാം സീസണ് മുൻപായി പാത തുറന്നില്ലെങ്കിൽ വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കും. ഇത് മുന്നിൽക്കണ്ട് പതിനഞ്ച് ദിവസത്തിനകം തടസ്സങ്ങൾ നീക്കി പാത ഗതാഗതത്തിന് തുറന്നുകൊടുക്കുവാനുള്ള ശ്രമത്തിലാണ് അധികൃതർ. ഗതാഗത നിരോധനത്തെ തുടർന്ന് വാഹനങ്ങൾ പൂപ്പാറ, രാജകുമാരി, രാജാക്കാട്, കുഞ്ചിത്തണ്ണി, മൂന്നാർ, ദേവികുളം റൂട്ടിലൂടെയാണ് തിരിച്ചുവിട്ടിരിക്കുന്നത്.