കട്ടപ്പന: വൻ മുക്കു പണ്ടത്തട്ടിപ്പ് സംഘം അറസ്റ്റിൽ. സർവ്വീസ് സഹകരണ ബാങ്കിലും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലുമായി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെയാണ് തങ്കമണി പൊലിസ് അറസ്റ്റ് ചെയ്തത്.
തങ്കമണി സഹകരണ ബാങ്കിന്റെ പ്രകാശ് ബ്രാഞ്ചിൽ പല തവണകളായി അഞ്ച് ലക്ഷത്തോളം രൂപയുടെ മുക്കുപണ്ടമാണ് സംഘം പണയം വച്ചിരുന്നത്. പ്രഥമദൃഷ്ട്യാ സ്വർണ്ണ മെന്നു തോന്നുന്ന ഉരുപ്പടി മുറിച്ചു നോക്കിയാൽ മാത്രമെ വ്യാജനെന്നു കണ്ടെത്താൻ കഴിയൂ. ഇക്കാരണത്താൽ പണയം വച്ച സമയങ്ങളിൽ ഇത് കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ബാങ്കിൽ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് വൻ തട്ടിപ്പ് മനസിലായത്.ഇതേ തുടർന്നാണ് മൂന്നംഗ സംഘത്തെ പൊലിസ് കസ്റ്റഡിയിലെടുത്തത്.പ്രകാശ് ടൗണിൽ ബാങ്ക് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെ ബേക്കറി നടത്തുന്ന
ഐമുറിയിൽ ഐ.ജി.മോഹനൻ, ആറ്റുപുറത്ത് സിജുവിന്റെ ഭാര്യ സന്ധ്യ ,മകൻ ദർശൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മോഹനന്റെ മകൻ രാജേഷ് ഒളിവിലാണ്.
തോപ്രാംകുടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പ്രതികൾ പല പ്രാവശ്യം മുക്കു പണ്ടം പണയം വെയ്ക്കാനെത്തിയെങ്കിലും ഉടമ തിരിച്ചറിഞ്ഞതോടുകൂടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ പ്രകാശ് മേഖലയിലെ നിർദ്ദനരായ സ്ത്രീകളെ ഉപയോഗിച്ച് വിവിധ മേഖലകളിൽ പണം വയ്പ്പിച്ചിട്ടുള്ളതായും സംശയിക്കുന്നതായി എസ്.ഐ. സി.പി.രഘുവരൻ പറഞ്ഞു.പ്രതികളിലൊരാളായ ദർശൽ
കട്ടപ്പനയിലെ പ്രമുഖ ജ്വല്ലറിയിൽ നിന്നും തവണ വ്യവസ്ഥയിൽ സ്വർണ്ണം തിരിമറി നടത്തി 10 ലക്ഷത്തോളം തട്ടിച്ചതായും ആരോപണമുണ്ട്.ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മുക്കുപണ്ടത്തട്ടിപ്പിൽ പിടിയിലായത്.പ്രതികൾ 15 ലക്ഷത്തിൽപരം രൂപയുടെ മുക്കു പണ്ട തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക നിഗമനം. സുഭവവുമായി ബന്ധപ്പെട്ട് ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തതായി പ്രസിഡന്റ് റോമിയോ സെബാസ്റ്റിൻ പറഞ്ഞു.