തൊടുപുഴ: നഗരത്തിൽ ചിലയിടങ്ങളിൽ പകൽ സമയങ്ങളിൽ വരെ വഴിവിളക്കുകൾ തെളിയുമ്പോൾ മറ്റ് പലയിടങ്ങളിലും രാത്രിയിൽ പോലും മിഴിതുറക്കാറില്ലെന്ന് ആക്ഷേപം. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിലർമാർ പരാതിയുമായി രംഗത്തെത്തിയത്. ബി.ജെ.പി കൗൺസിലർ ഗോപാലകൃഷ്ണനാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്. പിന്നീട് മറ്റു കൗൺസിലർമാരും ഇതേറ്റു പിടിക്കുകയായിരുന്നു. മാസങ്ങളായി കോതായിക്കുന്ന് നഗരസഭാ ബസ് സ്റ്റാൻഡിലെ വഴിവിളക്കുകൾ പ്രവർത്തന രഹിതമായിട്ട്. സ്റ്റാൻഡിലേക്ക് ബസുകൾ ഇറങ്ങി വരുന്ന ഭാഗത്തുള്ള പേ ആന്റ് പാർക്കിലെ ഹൈമാസ്റ്റ് ലൈറ്റ് ഒഴികെ മറ്റൊന്നും തെളിയുന്നില്ല. സ്റ്റാൻഡിനകത്ത് പത്തോളം സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകളിൽ വഴി വിളക്കുകൾ ഉണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തിക്കുന്നില്ല. സ്റ്റാൻഡിൽ മാത്രമല്ല അമ്പലം ബൈപാസ് റോഡ്, ടൗൺ ഹാളിന് മുന്നിൽ, ധന്വന്തരി കവല, കാഞ്ഞിരമറ്റം കവല, ഇടുക്കി റോഡ്, ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങ തുടങ്ങി പ്രധാന റോഡുകളിലെല്ലാം വഴിവിളക്കുകൾ ഏറെ നാളായി മിഴിയടച്ചെന്ന് പരാതി ഉയർന്നു. ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ കത്തുന്നില്ലെന്ന് കൗൺസിലർമാർ പറയുന്നു. സമീപ പ്രദേശങ്ങളിലെ കടകളിലെ ലൈറ്റുകൾ കൂടി അണച്ചാൽ ഈ പ്രദേശങ്ങൾ മുഴുവനായും ഇരുട്ടിലാവും. രാത്രി കാലങ്ങളിൽ നഗരത്തിലെത്തുന്നവരാണ് ഏറെ കഷ്ടത്തിലാവുന്നത്. രാത്രി ജോലിയും മറ്റും കഴിഞ്ഞ് സ്റ്റാൻഡിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും ബസ് കാത്ത് നിൽക്കുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ വെളിച്ചമില്ലാതെ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. വഴിവിളക്കുകൾ നന്നാക്കിയാലും രണ്ടോ മൂന്നോ മാസങ്ങൾ കഴിയുമ്പോൾ വീണ്ടും കേടാവുകയാണെന്ന് പരാതി ഉയർന്നു. ഉദ്യോഗസ്ഥരെ വിളിച്ച് അറിയിച്ചിട്ടും അറ്റകുറ്റപ്പണി നടത്താൻ തയാറാകുന്നില്ലെന്ന് കൗൺസിലർ ബാബു പരമേശ്വരൻ കുറ്റപ്പെടുത്തി. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി കൗൺസിൽ അനുവദിച്ച് ഫണ്ട് എവിടെ വിനിയോഗിച്ചെന്നും ബാബു പരമേശ്വരൻ ആവശ്യപ്പെട്ടു. രാത്രിയായാൽ ബസ് സ്റ്റാൻഡ് പരിസരത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഭയപ്പെടുകയാണെന്നും കൗൺസിലർമാർ പറയുന്നു. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താറുണ്ടെന്ന് ചെയർപേഴ്സൺ ജെസി ആന്റണി പറഞ്ഞു. ചുരുക്കം ചിലയിടങ്ങളിൽ മാത്രമാണ് വഴിവിളക്കുകൾ തെളിയാത്തതെന്നും ചെയർപേഴ്സൺ പറഞ്ഞു