കട്ടപ്പന : കട്ടപ്പനയിൽ അന്നപൂർണ്ണം കട്ടപ്പനയ്ക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ പദ്ധതിയിൽ ഉൾപെടുത്തി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെയും കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെയാണ് അന്നപൂർണ്ണം എന്ന വിശപ്പ് രഹിത കട്ടപ്പന പദ്ധതി നടപ്പാക്കുന്നത്.
കട്ടപ്പന നഗരസഭാ ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ എച്ച്.ദിനേശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന പൊലീസ് കാന്റീനിൽ നിന്നാണ് ഭക്ഷണം നൽകുന്നത്. അതിനായുള്ള കൂപ്പൺ ജനമൈത്രി പൊലീസ് സ്‌റ്റേഷനിൽ നിന്നു ലഭിക്കും. ആദ്യഘട്ടത്തിൽ ദിവസം 50 പേർക്കു വീതം ഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നത്. അർഹരായവർക്ക് ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയാണ് കാന്റീനിൽ നിന്നു ഭക്ഷണം ലഭ്യമാകുന്നത്. കട്ടപ്പന നഗരസഭയിലെ ആശാ വർക്കർമാരുടെ സഹായത്തോടെ നിർധനരായ കിടപ്പു രോഗികൾക്ക് അവരുടെ വീടുകളിൽ ഉച്ചഭക്ഷണം എത്തിച്ചു നല്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗത്തിൽ റോട്ടറി ക്ലബ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് ജോണി ജോസഫ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.കെ.തോമസ്, അന്നപൂർണ്ണം ജില്ലാ കോഓർഡിനറ്റർ ലിറ്റോ പി.ജോൺ, കട്ടപ്പന സബ് ഇൻസ്‌പെക്ടർ പി.ജെ വർഗീസ്, നഗരസഭാ കൗൺസിലർ സി.കെ. മോഹനൻ, മർച്ചന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ.പി.ഹസൻ, ഹെജി.പി.ചെറിയാൻ, എൻ. രാജേഷ്, ബീനാ ടോമി, പ്രോഗ്രാം ചെയർമാൻ സന്തോഷ് ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.