തൊടുപുഴ : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനും കേരളത്തോടുള്ള അവഗണനയ്ക്കുമെതിരെ ഓഗസ്റ്റ് ആറിന് രാവിലെ 11ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കട്ടപ്പന പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.കെ.ശിവരാമന്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയെ നേരിടുന്ന കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് തികഞ്ഞ അവഗണനയാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്.കേന്ദ്ര ബജറ്റ് വിലക്കയറ്റം രൂക്ഷമാക്കുന്നതും കാര്‍ഷിക മേഖലയെ പൂര്‍ണമായും അവഗണിക്കുന്നതുമാണ്. പ്രതിഷേധ മാര്‍ച്ചും ധര്‍ണയും കേരള കോണ്‍ഗ്രസ് (സ്‌കറിയാ തോമസ് വിഭാഗം) ചെയര്‍മാന്‍ സ്‌കറിയാ തോമസ് ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എ.കുര്യന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ തുടങ്ങിയവർ പ്രസംഗിക്കും. വാർത്താ സമ്മേളനത്തില്‍ എല്‍ഡിഎഫ് നേതാക്കളായ വി.വി.മത്തായി, കെ.സലിംകുമാര്‍, ജോര്‍ജ്ജ് അഗസ്റ്റിന്‍, ടി പി ജോസഫ് എന്നിവര്‍ പങ്കെടുത്തു.