മൂലമറ്റം: നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡരികിൽ സംരക്ഷണ ഭിത്തിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു.. വാഗമൺ - മൂലമറ്റം സംസ്ഥാന പാതയിലെ മണപ്പാടിയിലാണ് റോഡിന്റെ പുഴയോട് ചേർന്നുള്ള അപകട സാദ്ധ്യത. കഴിഞ്ഞപ്രളയത്തിൽ ഇവിടെ റോഡ് ഇടിഞ്ഞ് പുഴയിലേക്ക് പതിച്ച് ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ റോഡ് നിർമാണം അടുത്ത കാലത്താണ് പൂർത്തിയായത്. എന്നാൽ റോഡിന്റെ പുഴയോട് ചേർന്നുള്ള ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കാൻ അധികൃതർ തയ്യാറായില്ല. ഈ ഭാഗത്ത് ടാറിന് പകരം സിമന്റാണ് റോഡിൽ വിരിച്ചത്. ഇവിടെ വാഹനങ്ങൾ തെന്നിമാറി പുഴയിലേക്ക് പതിക്കാൻ സാധ്യതയുണ്ടെന്ന് ഡ്രൈവർമാർ പറഞ്ഞു. സംരക്ഷണ ഭിത്തി ഇല്ലാത്തതിനെ തുടർന്ന് ഏതാനും ദിവസം മുമ്പ് കാൽനട യാത്രക്കാരിയായ വൃദ്ധ തെന്നി പുഴയിലേക്ക് വീണ് അപകടത്തിൽപ്പെട്ടു.