അടിമാലി: വ്യത്യസ്ത നിലപാടുകളുള്ള അച്ചടിമാദ്ധ്യമമാണ് കേരളകൗമുദിയെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ പറഞ്ഞു. കേരളകൗമുദി അടിമാലി ബ്യൂറോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരികമായി ഇന്ന് നാം മുന്നോട്ടല്ല,​ പിന്നോട്ടാണ് പോകുന്നത്. മാദ്ധ്യമങ്ങൾ ഇന്ന് സെൻസിറ്റീവ് വാർത്തകൾ സൃഷ്ടിക്കുകയാണ്. പത്രധർമവും പൊതുതാത്പര്യവും സംരക്ഷിക്കുന്നതിൽ നിന്ന് വളരെ പിന്നോട്ടുപോയി. അതിൽ നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്ന അച്ചടിമാദ്ധ്യമമാണ് കേരളകൗമുദി. ജില്ലയിലെ പ്രശ്നങ്ങളിൽ ഇടുക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് കേരളകൗമുദി സ്വീകരിച്ചത്. കേരളമുദിയുടെ എഡിറ്റോറിയലുകളെല്ലാം ശാസ്ത്രീയമാണ്. പണ്ടുകാലത്തെ കേരളീയഭവനങ്ങളിലെ ദാരിദ്ര്യം ചൂണ്ടികാട്ടി കേരളകൗമുദി വിവാഹ ആർഭാടത്തിനെതിരെ ഒരിക്കൽ എഴുതിയ എഡിറ്റോറിയൽ ഇന്നും ഓർക്കുന്നു. കേരളകൗമുദി പോലുള്ള വളരെ കുറച്ച് അച്ചടിമാദ്ധ്യമങ്ങൾ മാത്രമാണ് ഇത്തരത്തിൽ പഴയ ചരിത്രം പുതുതലമുറയ്ക്ക് പകർന്ന് കൊടുക്കുന്നത്. സമൂഹത്തിൽ ഏറ്റവും താഴെക്കിടയിലുള്ളവരുടെ പ്രശ്നങ്ങൾ എഴുതുന്ന ജനകീയ അടിത്തറയുള്ള പത്രമാണിത്. വിൽപ്പനയ്ക്കുള്ള പത്രമാണെന്ന് കരുതാതെ സമൂഹത്തിന് സന്ദേശം നൽകുന്നതാണ് ബാദ്ധ്യതയെന്ന് കേരളകൗമുദി മനസിലാക്കുന്നു. ശ്രീനാരായണഗുരുവിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകാൻ കേരളകൗമുദിക്കാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അടിമാലി വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി വിനു സ്‌കറിയ,​ മുസ്ലീംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.ബി. സൈനുദീൻ, അടിമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എം. ബേബി, അടിമാലി സി.ഐ പി.കെ. സാബു എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി അടിമാലി ലേഖകൻ വി.ആർ. സത്യൻ സ്വാഗതവും ജില്ലാ ലേഖകൻ അഖിൽ സഹായി നന്ദിയും പറഞ്ഞു.

ചടങ്ങിൽ അടിമാലിയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്കറിയ,​ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.എ. ഏലിയാസ്,​ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.എൻ. ദിവാകരൻ,​ വൈസ്മെൻ മിഡ്വെസ്റ്റ് ഇന്ത്യ റീജിയണൽ ഡയറക്ടർ അഡ്വ. ബാബു ജോർജ്,​ കർഷകോത്തമ ഉദ്യാൻ പണ്ഡിറ്റ് ജേതാവ് സി.എം. ഗോപി,​ മികച്ച പ‍ഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാന അവാർഡ് നേടിയ കെ.എൻ. സഹജൻ,​ സാഹിത്യകാരൻ സത്യൻ കോനാട്ട്,​ യുവകലാകാരൻ രാജേഷ് അടിമാലി,​ മുതിർന്ന കേരളകൗമുദി ഏജന്റുമായ സൈമൺ ടി.പി,​ കെ.എൻ. കുമാരൻ എന്നിവരെ കേരളകൗമുദി ആദരിച്ചു.