ചെറുതോണി: ഭൂപതിവ് ഓഫീസിൽ പട്ടയ നടപടികൾ പൂർത്തിയാകാറായ നിരവധി ഫയലുകൾ ഉദ്യോഗസ്ഥർ മുക്കുന്നതായി അപേക്ഷകരുടെ പരാതി. പട്ടയ നടപടികൾ അന്തിമഘട്ടത്തിലായ നിരവധി ഫയലുകളാണ് അപേക്ഷകരെത്തമ്പോൾ കാൺമാനില്ലെന്ന് പറയുന്നത്. ഇവിടെ ഫയൽ മുക്കാൻതന്നെ ചില ജീവനക്കാരുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
പട്ടയത്തിനായി സമർപ്പിച്ചിരിക്കുന്നതും സ്ഥലത്തിന്റെ പട്ടയവുമായി ബന്ധപ്പെട്ടുള്ള മറ്റ് പരാതികളും ഇവിടെ കാണാതാവുന്നതും പതിവായിരിക്കയാണ്. ഓഫീസിൽ ഭിത്തിക്കഭിമുഖമായി സ്ഥാപിച്ചിരിക്കുന്ന അലമാരയുടെ മറവിലാണ് പട്ടയ അപേക്ഷകൾ മുങ്ങുന്നത്. രണ്ട് അലമാരകൾ ജീവക്കാർക്കു പിന്നിലായി ഭിത്തിക്ക് അഭിമുഖമായാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ നിന്നു ഫയലുകൾ എടുത്ത് മാറ്റുന്നത് ഓഫീസിലെ മറ്റ് ജീവനക്കാർക്ക് കാണാനാവില്ല. ഫയലുകൾ മാറ്റുന്നതിനാണ് അലമാരകൾ തിരിച്ച് വച്ചതാണെന്നാണ്അപേക്ഷകരുടെ ആരോപണം. കഴിഞ്ഞ വർഷം ജില്ലാ കളക്ടർക്ക് പട്ടയസംബന്ധമായി പരാതി നൽകിയതു പോലും ഭൂപതിവ് ഓഫീസിൽ നിന്നും കാണാതായി. ഭൂപതിവ് സ്‌പെഷ്യൽ തഹസീൽദാറുടെ ഓഫീസിലേക്ക് പരാതി കൈമാറിയതായി കളക്ടർ പറഞ്ഞു. എന്നാൽ മാസങ്ങൾകഴിഞ്ഞിട്ടും നടപടിയുണ്ടാകാതെ വന്നതോടെ പരാതിക്കാരൻ നേരിട്ട് ഭൂപതിവ് ഓഫീസിലെത്തി അന്വേഷിച്ചപ്പോൾ അത്തരത്തിലൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. വീണ്ടുംപരാതി നൽകാനാവശ്യപ്പെട്ടതിനെ തുടർന്ന് മറ്റൊരു പരാതി കൂടി നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും പരാതിക്കാരൻ പറഞ്ഞു. തുടർന്ന് അന്വേഷിച്ചപ്പോൾ ആ പരാതിയും നഷ്ടപ്പെട്ടെന്നും മറ്റൊരെണ്ണംകൂടി നൽകിയാൽ നടപടിയുണ്ടാക്കാമെന്ന് അറിയിക്കുകയായിരുന്നു. വീണ്ടും പരാതി നൽകിയെങ്കിലും ഹിയറിങ്ങിനായി നോട്ടീസയച്ചെന്ന് പറയുന്നതല്ലാതെ ഇരുകക്ഷികൾക്കും നോട്ടീസ് ലഭിച്ചില്ല. വീണ്ടും ഹിയറിങ്ങിനായി നോട്ടീസയക്കാൻ തഹസീൽദാർക്ക് അപേക്ഷ നൽകാനാണ് തഹസീൽദാറുടെ തന്നെ ഉത്തരവുണ്ടായത്. . അഞ്ചു മിനിറ്റു പോലും വേണ്ടാത്ത കാര്യങ്ങൾക്ക് അഞ്ചുദിവസം നടത്തിച്ചതായി ചില പരാതിക്കാർ പറയുന്നു. തിങ്കളും ശനിയും ഇവിടെ പൊതുജനങ്ങൾ ഒരാവശ്യത്തിനും എത്തരുതെന്നും വന്നാലും ഉദ്യോഗസ്ഥരാരുമുണ്ടാകില്ലന്നുമെന്നതും മറ്റൊരു വിശേഷം.. ഇടദിവസം അവധിയുണ്ടെങ്കിൽ ആ ആഴ്ചയിൽ ഓഫീസിൽ പലരും ഉണ്ടാവില്ല. . ഇവിടെ നിരവധി ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ആയിട്ടുണ്ട്.. കാണാതായ പട്ടയഫയലുകളും മറ്റ് അപേക്ഷകളും തിരികെ ലഭിക്കാതെ ഇവർ സ്ഥലം മാറിപോകുന്നതോടെ അപേക്ഷയിൻമേൽ യാതൊരു നടപടിയുമുണ്ടാകാതെ ഫയലുകൾ എന്നന്നേക്കുമായി നഷ്ടപ്പെടും. പിന്നീട് പുതിയ അപേക്ഷയുമായി അപേക്ഷകർ കടമ്പകൾ ഓരൊന്നായി തുടങ്ങണം. ഇടുക്കി ഭൂപതിവ് ഓഫീസിൽ അപേക്ഷനൽകുന്നവർക്ക് അടുത്ത തലമുറക്കെങ്കിലും പട്ടയം ലഭിക്കമോയെന്നാണ് നാട്ടുകാരുടെ സംശയം.