രാജാക്കാട് : അമിത വേഗതയിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് പരിക്ക്. തൂവൽ സ്വദേശി സജേഷ് (21), നെടുങ്കണ്ടം സ്വദേശികളായ അൻജിത്ത് (21), മനോജ് (24), അപ്പു (27) എന്നിവക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ ചേർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേരുടെയും കാലിനാണ് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ വൈകിട്ട് അഞ്ചോടെ നെടുങ്കണ്ടം ടൗണിൽ പടിഞ്ഞാറേക്കവല വികസനസമിതി സ്റ്റേജിന് മുന്നിലാണ് അപകടം നടന്നത്. ബസ് സ്റ്റാന്റ് പരിസരത്തുനിന്നും എത്തിയ അപ്പുവും മനോജും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് സജേഷും അൻജിത്തും സഞ്ചരിച്ചിരുന്ന ബൈക്ക് പാഞ്ഞ് കയറുകയായിരുന്നു. രണ്ട് ബൈക്കുകളും അമിത വേഗതിയിലായിരുന്നു. സജേഷുംഅൻജിത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ഒരു വാഹനത്തെ മറികടന്ന് എത്തുകയായിരുന്നു. വാഹനങ്ങൾ കൂട്ടിയിച്ചതിനെ തുടർന്ന് നാല് പേരും റോഡിലേക്ക് തെറിച്ചു വീണു. ബൈക്ക് ഓടിച്ചിരുന്നവർ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഈ സമയം മറ്റ് വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടകരമായ വിധത്തിൽ വാഹനം ഓടിച്ചതിന് നാല് പേർക്കെതിരെയും പൊലീസ് കേസെടുത്തു.