തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ ദേശീയ മെഡിക്കൽ ബില്ലിനെതിരെയുള്ള ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ ഡോക്ടർമാരും പണിമുടക്കിയതോടെ ആശുപത്രികളിലെ ഒ.പിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സമരത്തെക്കുറിച്ച് അറിയാതെയെത്തിയ രോഗികൾ ചികിത്സയ്ക്കായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. അത്യാഹിത വിഭാഗം, കാഷ്വാലിറ്റി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും കെ.ജി.എം.ഒ.എയുടെയും നേതൃത്വത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രതിഷേധ സൂചകമായി ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലി ചെയ്തത്. സ്വകാര്യ പ്രാക്ടീസും നടത്തിയില്ല. 24 മണിക്കൂർ പണിമുടക്കെന്നത് ജില്ലയിൽ അരമണിക്കൂർ ആക്കിയെങ്കിലും പല സർക്കാർ ആശുപത്രികളിലും മണിക്കൂറുകളോളം ഒ.പിയുടെ പ്രവർത്തനം നിലച്ചു. അതേസമയം രോഗികൾക്ക് ചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതായി ഐ.എം.ഒ ഭാരവാഹികൾ പറഞ്ഞു. പ്രതിരോധ കുത്തിവയ്പിന്റെ ദിവസമായ ഇന്നലെ ഇമ്യൂണസേഷൻ പ്രവർത്തനങ്ങൾക്ക് തടസമുണ്ടായില്ല. മെഡിക്കൽ കോളേജിന് മുന്നിൽ നടന്ന സമരം മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഡോ. അനന്ത്‌കേശ് ഉദ്ഘാടനം ചെയ്തു.
പണിമുടക്കിൽ പങ്കാളികളായ ഡോക്ടർമാർ- 150
''സമരത്തെക്കുറിച്ച് സംഘടനകൾ മുൻകൂട്ടി നോട്ടീസ് നൽകിയിരുന്നില്ല. എങ്കിലും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ആർക്കും ചികിത്സ ലഭിച്ചില്ലെന്ന പരാതി ഉണ്ടായില്ല.
-ഡോ. എൻ. പ്രിയ (ഡി.എം.ഒ)