തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഔഷധസേവ ഇന്ന് നടക്കും.പുലർച്ചെ 4 ന് ആരംഭിക്കുന്ന ഔഷധസേവ ഉച്ചയ്ക്ക് 1.30 വരെ നീണ്ടുനിൽക്കും. തൃശൂർ തെക്കേമഠത്തിൽ നിന്നുള്ള വേദപണ്ഡിതരാണ് ചടങ്ങിന് നേതൃത്വം നൽകുന്നത്. നാലമ്പലത്തിനുള്ളിൽ വടക്കുഭാഗത്തേക്ക് തിരിഞ്ഞിരുന്ന്, ആചാര്യൻമാർ ചൊല്ലിത്തരുന്ന മന്ത്രം ഏറ്റുചൊല്ലിയാണ് ഔഷധം സേവിക്കേണ്ടത്. തുടർന്ന് ഔഷധക്കഞ്ഞികൂടി കഴിച്ചാണ് ചടങ്ങ് പൂർത്തീകരിക്കുന്നത്. കേരളത്തിനു പുറമേ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമബംഗാൾ, ആസാം, പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ, അരുണാചൽപ്രദേശ്, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിൽ നിന്നുമുള്ള ഭക്തജനങ്ങളും ഔഷധസേവയിൽ പങ്കെടുക്കും. വിശിഷ്ടാതിഥിയായി സപ്തഗിരി ആശ്രമം മഠാധിപതി രാജേശ്വരി മാതാ പങ്കെടുക്കും. ദേവസ്വം ട്രസ്റ്റ് ഈ വർഷം പുറത്തിറക്കുന്ന ക്ഷേത്രത്തിന്റെ ചരിത്രവും അനുഷ്ഠാനങ്ങളും പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും മഠാധിപതി നിർവഹിക്കും. കെ.എസ്.ആർ.ടി.സി ബസുകൾ രാവിലെ 5.30 മുതൽ നഗരസഭ സ്റ്റാന്റിൽ നിന്നും പ്രത്യേക സർവീസുകൾ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.