തൊടുപുഴ : കേന്ദ്രസർക്കാരിന്റെ ജനദ്രോഹ ബജറ്റിനും കേരളത്തോടുള്ള അവഗണനയ്ക്കുമെതിരെ ഓഗസ്റ്റ് ആറിന് രാവിലെ 11ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ കട്ടപ്പന പോസ്റ്റോഫീസിലേക്ക്മാർച്ചും ധർണയും നടത്തുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയെ നേരിടുന്ന കേരളത്തിന്റെ പുനർ നിർമ്മാണത്തിന് തികഞ്ഞ അവഗണനയാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്.കേന്ദ്ര ബജറ്റ് വിലക്കയറ്റം രൂക്ഷമാക്കുന്നതും കാർഷിക മേഖലയെ പൂർണമായും അവഗണിക്കുന്നതുമാണ്. പ്രതിഷേധ മാർച്ചും ധർണയും കേരള കോൺഗ്രസ് (സ്‌കറിയാ തോമസ് വിഭാഗം) ചെയർമാൻ സ്‌കറിയാ തോമസ് ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എ.കുര്യൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ വി.വി.മത്തായി, കെ.സലിംകുമാർ, ജോർജ്ജ് അഗസ്റ്റിൻ, ടി പി ജോസഫ് എന്നിവർ പങ്കെടുത്തു.