prison

കണ്ണൂർ: ജയിൽ മേധാവിയായെത്തിയ ഋഷിരാജ് സിംഗ് നടപടി കർശനമാക്കിയതോടെ ജയിൽ ഉദ്യോഗസ്ഥർ പലരും ഉണർന്ന് പ്രവർത്തിച്ചുതുടങ്ങി. നിരന്തരം പരിശോധന നടത്തി മൊബൈൽ ഫോൺ, ലഹരി വസ്തുക്കൾ എന്നിവയെല്ലാം പിടിച്ചെടുക്കുന്നു. ഋഷിരാജ് സിംഗിനെ പേടിച്ച് തടവുകാർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ജീവനക്കാരും തത്കാലത്തേക്ക് പിൻവലിഞ്ഞു. ജയിൽചട്ടം കർശനമാക്കുന്നതിനുള്ള ശ്രമത്തിനും തുടക്കമായി. ഉഴപ്പന്മാരായ ജീവനക്കാരും ചാർജായി തുടങ്ങിയിട്ടുണ്ട്. കണ്ണൂർ,​ വിയ്യൂർ,​ പൂജപ്പുര സെൻട്രൽ ജയിലുകളിൽ തുടർച്ചയായ ദിവസങ്ങളിൽ പരിശോധന നടത്തി പുതിയ ഉദ്യമത്തിനാണ് ഋഷിരാജ് സിംഗ് തുടക്കം കുറിച്ചത്.

അതേസമയം, തങ്ങൾ ചില വെല്ലുവിളികൾ നേരിടുന്നുവെന്ന് ജീവനക്കാർ പറയുന്നു. തടവുകാരിൽ നിന്നടക്കം നേരിടേണ്ടിവരുന്ന ഭീഷണി അതിലൊന്നാണ്. നേരത്തെ അനധികൃതമായി സാധനങ്ങൾ കടത്തിയത് ചെറുത്ത ചെറുപുഴ സ്വദേശിയായ ജയിൽ വാർഡന്റെ കൈ ചില പാർട്ടിക്കാർ പിടിച്ചൊടിച്ചത് വിവാദമായിരുന്നു. ചില തടവുകാർ മലദ്വാരത്തിൽ പോലും മൊബൈലുകൾ വച്ച് അകത്തേക്ക് കയറുമ്പോൾ പരിശോധനയ്ക്ക് അത്യാധുനിക സാമഗ്രികളില്ല. വസ്ത്രം അഴിച്ച് പരിശോധന നടത്തേണ്ടി വന്നാൽ അതും വിവാദമാകുമോ എന്ന ആശങ്കയും ജീവനക്കാർക്കുണ്ട്. മുൻപ് ജയിലിലേക്ക് തിരിച്ചെത്തിയ സി.പി.എം തടവുകാരന്റെ ദേഹ പരിശോധന നടത്തിയതിന് ഒരു ജയിൽ വാർഡന്റെ വീട്ടുവളപ്പിലെ വാഴകളെല്ലാം വെട്ടി നശിപ്പിച്ചിരുന്നു.

പരിശോധനാ ഉപകരണങ്ങളുടെ അപര്യാപ്തതയും വെല്ലുവിളിയാണെന്ന് ജീവനക്കാർ പറയുന്നു. മണ്ണിൽ കുഴിച്ചിട്ട സാധനങ്ങളും ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച സാധനങ്ങളും കണ്ടെത്താൻ അത്യാധുനിക ഉപകരണങ്ങളില്ല. ചില വിരുതന്മാരാണെങ്കിൽ ഉപകരണങ്ങൾ കേടാക്കുകയും ചെയ്യും. മൊബൈൽ ജാമർ ഉപ്പിട്ട് നശിപ്പിച്ചത് ഒരു ഉദാഹരണം മാത്രം. ചില ജയിലുകളിൽ ഡോർ ഫ്രൈം മെറ്റൽ ഡിറ്റക്ടർ,​ സി.സി ടി.വി കാമറ എന്നിവയെല്ലാം ഉപയോഗ ശൂന്യമായിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ ഹൈമാസ്റ്റ് ലൈറ്റ് ഇല്ലാത്തതും സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്നുണ്ട്.

കാലപ്പഴക്കം ചെന്ന കെട്ടിടം അറ്രകുറ്റപ്പണി ചെയ്യാത്തതും ഇവിടെ പ്രശ്നമാണ്.

ജയിലുകളിൽ ജീവനക്കാരുടെ കുറവുണ്ടെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. 840 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ 1300പേരാണ് നിലവിലുള്ളത്. ഒരു സൂപ്രണ്ട്,​ 2 ജോയിന്റ് സൂപ്രണ്ട്,​ ഒരു ഡെപ്യൂട്ടി സൂപ്രണ്ട്,​ 18 അസിസ്റ്റന്റ് സൂപ്രണ്ട്,​ രണ്ട് ഗേറ്റ് കീപ്പർ,​ 45 ജില്ലാ പ്രിസൺ ഓഫീസർ,​ 2 പ്രിസൺ ഓഫീസർ,​ 222 അസി. പ്രിസൺ ഓഫീസർ,​ 4 അസി. പ്രിസൺ ഓഫീസർ കം ഡ്രൈവർ,​ 2 ഡോക്ടർമാർ,​ മൂന്ന് വെൽഫെയർ ഓഫീസർ എന്നിങ്ങനെയാണ് ആവശ്യമായ തസ്തിക. എന്നാൽ, അസി. സൂപ്രണ്ടുമാർ ആകെ നാല് പേരേയുള്ളൂ. ജില്ലാ പ്രിസൺ ഓഫീസർമാരാകട്ടെ 17 മാത്രം.​ പ്രിസൺ ഓഫീസർ തസ്തികയിൽ ആളില്ല. ഗേറ്റ് കീപ്പറുമില്ല. വെൽഫെയർ ഓഫീസർമാരിൽ ഒരാൾ കുറവ്,​ അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരാകട്ടെ 120 മാത്രവും. തടവുകാരെ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോകാൻ പൊലീസ് സഹായിക്കണമെന്നാണ് ചട്ടമെങ്കിലും അവരുടെ പരിമതി കാരണം ജയിൽ ഉദ്യോഗസ്ഥർ തന്നെ അതും ഏറ്റെടുക്കേണ്ടിവരുന്നുവെന്നും ജീവനക്കാർ പറയുന്നു.