അടിമാലി. കണ്ണൂർ ചാലയിൽ നിന്ന് മൂന്നാറിലേക്ക് പോയ യുവാക്കളുടെ സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റു. കൊച്ചി മധുര ദേശീയ പാതയിൽ കൂമ്പൻപാറ ഇടശ്ശേരി വളവിന് സമീപമാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ 60 അടി കൊക്കയിലേക്ക് മറിഞ്ഞത്.
ഇന്നലെ രാവിലെ 9.30 ആയിരുന്നു സംഭവം. മൂന്നാറിലേക്ക് പോവുകയായിരുന്ന കാർ ഇടശ്ശേരി വളവിന് സമീപം നിയന്ത്രണം വിട്ട് സമീപത്ത് പുതുതായി പണിതു കൊണ്ടിരുന്ന വീട് ഇടിച്ച് തകർത്താണ് കൊക്കയിൽ പതിച്ചത്. കാറിൽ ഉണ്ടായിരുന്ന ചാല സ്വദേശികളായ മുഫ്താസിൻ (18), ഷാൻജി (18), സഹൽ (18), സഫർ (18), റസൽ (18), ഹബ്‌ഷീർ (18) ഹർഷീദ് (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.