കണ്ണൂർ: ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടും ലോട്ടറി മേഖലയിൽ തട്ടിപ്പ് തുടരുന്ന സാഹചര്യത്തിൽ വിൽപ്പനക്കാരെയും ഏജന്റുമാരെയും ബോധവത്കരിച്ച് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുമെന്ന് ജില്ലാ ലോട്ടറി ഓഫീസർ.ലോട്ടറി ഓഫീസിൽ മാത്രമുള്ള ബാർ കോഡിന് പകരം ഏജന്റുമാർക്കും ജനങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന ക്യൂ ആർ കോഡും മൊബൈൽ ആപ്ളിക്കേഷനും തയ്യാറാക്കുകയാണ് ലോട്ടറി വകുപ്പ്.

നിലവിൽ ടിക്കറ്റ് സുരക്ഷാ ഭാഗമായ കൗണ്ടർഫോയിൽ മുറിച്ചെടുത്ത് പ്രസിൽ സൂക്ഷിച്ച ശേഷമാണ് ടിക്കറ്റുകൾ വിൽപ്പനയ്ക്കായി നൽകുന്നത്. അയ്യായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ ടിക്കറ്റുകളിലും ഇത്തരം കൗണ്ടർ ഫോയിൽ ഉണ്ടാകും. സമ്മാനാർഹമായ ടിക്കറ്റും കൗണ്ടർ ഫോയിലും ഒത്തുനോക്കിയാണ് തിരുത്തിയ ടിക്കറ്റുകളെ മനസ്സിലാക്കുന്നത്.

യഥാർത്ഥ ടിക്കറ്റിൽ നഗ്‌ന നേത്രങ്ങൾക്ക് വ്യക്തമാകാത്ത സുരക്ഷാ സംവിധാനം മാഗ്‌നിഫെയിംഗ് ലെൻസ് ഉപയോഗിച്ച് നോക്കിയാൽ തെളിഞ്ഞു കാണാം.എന്നാൽ കളർഫോട്ടോ സ്റ്റാറ്റ് ടിക്കറ്റാണെങ്കിൽ ഒരു വരപോലെയാണ് സുരക്ഷാ സംവിധാനം തെളിയും. ഭാഗ്യക്കുറി ടിക്കറ്റിന്റെ മുൻവശത്ത് ഒരു പ്രത്യേക ഭാഗത്ത് ടിക്കറ്റിന്റെ ഡ്രോ നമ്പർ നഗ്‌ന നേത്രങ്ങൾക്ക് ദൃശ്യമാവാത്ത വിധം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു പ്രത്യേക ഫിലിം ഉപയോഗിച്ചാണ് വായിക്കുന്നത്.വ്യാജ ടിക്കറ്റിൽ ഈ ഭാഗത്തെ നമ്പർ ഫിലിമിലൂടെ നോക്കിയാൽ മനസ്സിലാക്കാൻ സാധിക്കില്ല. ഭാഗ്യക്കുറി ടിക്കറ്റിൽ കേരള സ്റ്റേറ്റ് ലോട്ടറി ഡയറക്ടർ ഒപ്പിട്ടിരിക്കുന്ന ഭാഗത്ത് കെ .എസ് .എൽ എന്ന് തെളിഞ്ഞു കണ്ടാൽ അത് തിരുത്തൽ വരുത്തിയ ടിക്കറ്റ് ആണെന്ന് ഉറപ്പിക്കാം. യഥാർത്ഥ ടിക്കറ്റിൽ ഈ അക്ഷരങ്ങൾ കാണാൻ സാധിക്കില്ല.

കണ്ണൂർ നിലവിലുള്ള സുരക്ഷാക്രമീകരണങ്ങൾക്ക് പുറമെ പുതിയ ടിക്കറ്റിൽ സീരിയൽ നമ്പർ, സെക്യൂരിറ്റി നമ്പർ, നറുക്കെടുപ്പ് തീയതി, നറുക്കെടുപ്പ് നമ്പർ എന്നിവ ഉൾപ്പെടുത്തി ബാർകോഡുകൾക്ക് പകരം ക്യൂ ആർ കോഡ് സംവിധാനം കൊണ്ടുവരാനാണ് ഇപ്പോഴത്തെ നീക്കം. ക്യു ആർ കോഡ് സംവിധാനം ഭാഗ്യക്കുറി ടിക്കറ്റുകളിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ള ബാർ കോഡ് സംവിധാനം മാറ്റി സീക്രട്ട് കോഡും ടിക്കറ്റ് നമ്പറും ഒരുമിച്ച് പരിശോധിക്കാം. ബാർകോഡ് പരിശോധിക്കാവുന്ന സംവിധാനം ഭാഗ്യക്കുറി ഓഫീസുകളിൽ മാത്രമേയുള്ളു.ക്യൂ ആർ കോഡ് വരുന്നതോടെ മൊബൈൽ ആപ്ലിക്കേഷൻ മുഖേന പൊതുജനങ്ങൾക്കും ഏജന്റുമാർക്കും വിൽപ്പനക്കാ‌‌ർക്കും ടിക്കറ്റുകൾ പരിശോധിക്കാവുന്നതാണ്.

പൊതുജനങ്ങൾക്കും ഏജന്റുമാർക്കും തിരുത്തിയ ടിക്കറ്റുകൾ മനസ്സിലാക്കാനുതകുന്ന മൊബൈൽ ആപ്ലിക്കേഷൻ കൊണ്ടുവരുന്ന കാര്യവും സംസ്ഥാന ഭാഗ്യക്കുറി ക്ഷേമ ബോർഡിന്റെ പരിഗണയിലുണ്ട് -:ജില്ലാ ലോട്ടറി ഓഫീസർ.