കണ്ണൂർ:പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ. ശ്യാമളയുടെ മൊഴിയെടുക്കൽ നീളുന്നു. ശനിയാഴ്ച മൊഴിയെടുക്കുമെന്നാണ് നേരത്തേ പൊലീസ് പറഞ്ഞിരുന്നത്.
സാജന്റെ ഭാര്യ ബീനയുടെ മൊഴിയെടുത്തതിന് പിന്നാലെ പൊലീസ് കഴിഞ്ഞദിവസം മക്കളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
ലൈസൻസ് ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് മക്കളും മൊഴിനൽകിയത്. ഇതിനിടെ സാജന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി അന്വേഷണസംഘം ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചു. ഐ ഫോൺ ഓപ്പൺ ചെയ്യാൻ കഴിയാത്തതിനാൽ വിശദപരിശോധനയ്ക്ക് കോടതിയിൽ സമർപ്പിക്കും. സാജന്റെ മറ്റു ഫോണുകളിലെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
കൺവെൻഷൻ സെന്ററിന്റെ ലൈസൻസിനു പുറമെ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ സാജനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.