നീലേശ്വരം: വർഷങ്ങളായി മൂന്നുവിള നെൽകൃഷി ചെയ്തുവരുന്ന നീലേശ്വരത്തെ പ്രധാന നെൽവയലായ നാഗച്ചേരി വയൽ നികത്താൻ ഗൂഢനീക്കം നടക്കുന്നു.

നീലേശ്വരം ഗവ.എൽ.പി. സ്‌കൂളിനു പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു സ്വകാര്യവ്യക്തി 50 സെന്റ് നിലം സൗജന്യമായി നൽകുന്നുണ്ട്. ഈ സ്ഥലത്തിനു ചുറ്റിലും 3 ഏക്കറോളം ചതുപ്പുനിലമാണ്. സ്‌കൂളിനുവേണ്ടി നിലം നികത്തപ്പെടുമ്പോൾ ചുറ്റുപാടുമുള്ള ചതുപ്പും നികത്തപ്പെടും. ചതുപ്പു നികത്തിയെടുക്കാനുള്ള താൽപര്യമാണ് സ്‌കൂളിന് ഭൂമി സൗജന്യമായി ഭൂമി നൽകുന്നതിനു പിന്നിലുള്ളതെന്നാണ് ആരോപണം.

നാഗച്ചേരി വയലിൽ നിന്ന് രൂപപ്പെടുന്ന ചാല് നിലം നികത്തപ്പെടുന്നതോടെ ഇല്ലാതാവും. നാഗച്ചേരിയിലെ വിശാലമായ പാടശേഖരത്തിന്റെ നാശത്തിലേക്കായിരിക്കും അതുവഴിവയ്ക്കുക.

ചതുപ്പുകളും വയലുകളും കുളങ്ങളും നികത്തിയെടുക്കുന്ന ഭൂമാഫിയ ഈ വയലിൽ നോട്ടമിട്ടിട്ട് കുറച്ചുകാലമായി. നേരത്തെ ഒരു സ്വകാര്യവ്യക്തി ഈ പ്രദേശത്തെ കുളം നികത്തിയത് അധികാരികളുടെ മൗനാനുവാദത്തോടെയായിരുന്നു. തണ്ണീർത്തടങ്ങളും വയലുകളും സംരക്ഷിച്ച് ജലലഭ്യത ഉറപ്പുവരുത്താൻ ഉത്തരവാദിത്തമുള്ള നഗരസഭ സ്‌കൂളിനു വേണ്ടി വയൽ നികത്താൻ നേതൃത്വം നൽകുന്നത് വിരോധാഭാസമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.