പട്ടുവം: തിരിമുറിയാതെ മഴ പെയ്യേണ്ടിയിരുന്നത് തിരുവാതിര ഞാറ്റുവേലയ്ക്കാണ്. ആ ഞാറ്റുവേല ഇന്നുച്ചയോടെ കടന്നുപോകും. പൂയ്യം ഞാറ്റുവേലയിലാണ് ഇനി പ്രതീക്ഷ. വൃശ്ചികം തോറ്റുപോകുന്ന തണുപ്പാണ് പൂയ്യം ഞാറ്റുവേലയിൽ വേണ്ടത്. എന്നാൽ മീനത്തെ വെല്ലുന്ന ചൂടാണ് മിഥുനം പാതികഴിഞ്ഞിട്ടും അനുഭവപ്പെടുന്നത്.
ദിവസങ്ങളായി മഴ പെയ്യുന്നില്ലെന്നു തന്നെ പറയാം. തണുപ്പും തീരെയില്ല. ഞാറ്റടിപാടങ്ങൾ ഉണങ്ങാൻ തുടങ്ങിയിരിക്കുന്നു പലയിടത്തും. ഞാറു പറിച്ചെടുക്കാനോ പറിച്ചെടുത്തത് നട്ടു ചേർക്കാനോ കഴിയാതെ കഷ്ടപ്പെടുകയാണ് കൃഷിക്കാർ. വീടുകളിലെ കിണറുകളിൽ നിന്നും ചെറുപൈപ്പിട്ട് ഞാറ്റടി പാകപ്പെടുത്തുകയാണ് മിക്ക കൃഷിക്കാരും.
കർക്കിടക സംക്രമമാകുമ്പോഴേക്കും നെൽചെടികൾ കതിരിടണമെന്നാണ് വെപ്പ്. പട്ടുവത്തെ കർഷകർ സംക്രമദിവസം പുലർച്ചെ തളിപ്പറമ്പ് രാജരാജേശ്വരനോട് നെയ്യമൃതും വെച്ച് തൊഴുതു തിരികെ വന്ന് നട്ടുവളർത്തിയ നെൽചെടികൾ കാണും. കതിരു തൊട്ടു വന്ദിച്ചിട്ടാണ് തറവാടുകളിലേക്ക് കയറിയിരുന്നത്. ഇക്കുറി ഏതായാലും കർക്കിടക സംക്രമത്തിൽ നെല്ല് കതിരിടില്ലെന്ന് ഏതാണ്ട് ഉറപ്പിക്കാം.