a-n-shamseer

തലശേരി: വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ.എൻ. ഷംസീർ എം.എൽ.എയെ ചോദ്യം ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഷംസീറിനു നോട്ടീസ് അയയ്ക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു.

തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയത് എ.എൻ. ഷംസീറാണെന്ന് സി.ഒ.ടി. നസീർ പൊലീസിന് രണ്ടു തവണ മൊഴി നൽകിയിരുന്നു. സി.പി.എം മുൻ തലശേരി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എ.എൻ. ഷംസീർ എം.എൽ.എയുടെ ഡ്രൈവറുമായിരുന്ന കതിരൂർ പുല്യോട് സോഡ മുക്കിലെ ആലുള്ളതിൽ വീട്ടിൽ എൻ.കെ നിവാസിൽ രാഘവന്റെ മകൻ എൻ.കെ. രാഗേഷിനെ (39) അറസ്റ്റുചെയ്തതോടെയാണ് നസീറിന്റെ മൊഴിക്ക് ബലമേറിയത്. തുടർന്നാണ് ഇക്കാര്യത്തിലുള്ള അന്വേഷണം ത്വരിതപ്പെടുത്താൻ എം.എൽ.എയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഷംസീറിന്റെ കാറിൽ വച്ചാണ് ഗൂഢാലോചന നടത്തിയതെന്ന് രാഗേഷിനെയും കേസിലെ മുഖ്യ പ്രതി പൊട്ടി സന്തോഷിനെയും ചോദ്യം ചെയ്തപ്പോൾ അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.

തലശേരി സി.ഐ വി.കെ. വിശ്വംഭരനും എസ്.ഐ ഹരീഷുമാണ് നസീർ വധശ്രമക്കേസ് അന്വേഷണം നടത്തുന്നത്.

മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും അടുത്ത ആളായി അറിയപ്പെടുന്ന ഷംസീറിലേക്കുള്ള അന്വേഷണം പഴുതുകളടച്ചാണ് പൊലീസ് മുന്നോട്ട് കൊണ്ടു പോകുന്നത്. ഷംസീറിന്റെ ഡ്രൈവറായിരുന്ന രാഗേഷിലേക്ക് അന്വേഷണം പരിമിതപ്പെടുത്താൻ ശക്തമായ സമ്മർദ്ദമുണ്ടായെങ്കിലും ശക്തമായ തെളിവുകളുടെ പിൻബലത്തോടെ കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് അന്വേഷണ സംഘം തയ്യാറായിട്ടുള്ളതെന്നറിയുന്നു.