കാസർകോട്: മംഗലാപുരംചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ പുനരന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ മെഡിക്കൽ ടീം കാസർകോട്ടെത്തി തെളിവെടുപ്പ് നടത്തി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡിവൈ.എസ്.പി കെ.ജി.ഡാർവിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘമാണ് ചെമ്പരിക്കയിലെത്തിയത്.
ഖാസി താമസിച്ചിരുന്ന ചെമ്പരിക്കയിലെ വീട്ടിലെത്തിയ സംഘം ഖാസിയുടെ ബന്ധുക്കളുമായി സംസാരിച്ച് മൊഴി രേഖപ്പെടുത്തി. കേസിൽ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന എറണാകുളം സി.ജെ.എം കോടതിയുടെ നിർദേശ പ്രകാരമാണ് സംഘമെത്തിയത്. മനഃശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെ 'സൈക്യാട്രിക് ഓട്ടോപ്‌സി' എന്ന മാർഗം അവലംബിച്ചാണ് അന്വേഷണം.
പുതുച്ചേരി ജിപ്‌മെർ മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ബന്ധുക്കളുടെയും സമരസമിതി പ്രവർത്തകരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴികൾ കൂടുതൽ വിശദ പരിശോധനയ്ക്ക് വിധേയമാക്കും.
മരണത്തിന് മുമ്പുള്ള ഖാസിയുടെ മാനസീകാവസ്ഥ അറിയാനുള്ള ശ്രമമാണ് അന്വേഷണ സംഘം പ്രധാനമായും നടത്തിയത്. മൃതദേഹം കണ്ടെത്തിയ ചെമ്പരിക്ക കടുക്കക്കല്ലിലെ പാറക്കെട്ടും സംഘം പരിശോധിച്ചു.