കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ നവകേരള മിഷനിൽ ഉൾപ്പെട്ട ലൈഫ് മിഷൻ സമ്പൂർണ്ണ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. സ്വന്തമായി ഭൂമിയും വീടുമില്ലാത്തവർക്കായി പാർപ്പിട സമുച്ചയങ്ങൾ നിർമിച്ചു നൽകുന്നതാണ് മൂന്നാം ഘട്ടം. ഇതിനായി ജില്ലയിൽ ഏഴിടങ്ങളിലായി 13 ഏക്കർ സ്ഥലം കണ്ടെത്തി. ആറിടങ്ങളിൽ ലൈഫ് മിഷൻ നേരിട്ടും ഒരിടത്ത് സഹകരണ വകുപ്പുമാണ് ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിർമിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തി ഗ്രാമ സഭകൾ അംഗീകരിച്ച് ലൈഫ് മിഷന് സമർപ്പിച്ച പട്ടികയിലുൾപ്പെട്ട ആയിരത്തിലേറെ കുടുംബങ്ങൾക്കാണ് ഭവന സമുച്ചയങ്ങളിൽ ഫ്‌ളാറ്റുകൾ അനുവദിക്കുക.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവുമായുള്ള സാമീപ്യം, ജലത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സ്ഥലങ്ങൾ തെരെഞ്ഞെടുത്തിരിക്കുന്നത്. കടമ്പൂർ പഞ്ചായത്തിൽ നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ രൂപകൽപനയും എസ്റ്റിമേറ്റും തയ്യാറായി സംസ്ഥാന ലൈഫ് മിഷന്റെ അംഗീകാരത്തിനായി നൽകിക്കഴിഞ്ഞു. ഇവിടെ 48 ഫ്‌ളാറ്റ് യൂണിറ്റുകളടങ്ങുന്ന ബഹുനില കെട്ടിടമാണ് നിർമിക്കുക. . ഈ വർഷം തന്നെ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിർമാണം ആരംഭിക്കും. രണ്ട് ബെഡ് റൂമുകളും ഒരു ഹാളും അടുക്കളയും ബാത്ത് റൂമും അടങ്ങിയതായിരിക്കും ഫ്‌ളാറ്റുകൾ.
ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നോ വാട്ടർ അതോറിറ്റി വഴിയോ ആണ് ഫ്‌ളാറ്റുകളിലേക്ക് കുടിവെള്ളമെത്തിക്കുക. ഭവന സമുച്ചയങ്ങളോട് ചേർന്ന് അങ്കണവാടികൾ, പ്ലേ സ്‌കൂളുകൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയും സ്ഥല ലഭ്യതയ്ക്കനുസരിച്ച് ഒരുക്കും. മാലിന്യ സംസ്‌ക്കരണത്തിന് കേന്ദ്രീകൃത പദ്ധതിയും നടപ്പിലാക്കും. ഫ്‌ളാറ്റുകളുടെ നോക്കിനടത്തിപ്പിനായി താമസക്കാരിൽ നിന്ന് പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകും. ഗ്രാമസഭകളുടെ അംഗീകാരത്തോടെ മിഷന് സമർപ്പിച്ച ഗുണഭോക്തൃ പട്ടികയിൽ നിന്ന് ദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കുടുംബങ്ങളെ തെരഞ്ഞെടുക്കുക.
ലൈഫ് പദ്ധതി
ഒന്നാം ഘട്ടം -2687 പൂർത്തിയായത് 2610
രണ്ടാംഘട്ടം-2526 പൂർത്തിയായത് 1180
ഫ്ളാറ്റുകൾ പയ്യന്നൂർ, ആന്തൂർ മുനിസിപ്പാലിറ്റികളിലും
കുറുമാത്തൂർ, കണ്ണപുരം, ചിറക്കൽ, കടമ്പൂർ, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലും
പയ്യന്നൂർ കോറോം വില്ലേജിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 80 സെന്റ്, ആന്തൂർ വില്ലേജിൽ ഇറിഗേഷൻ വകുപ്പിന്റെ രണ്ട് ഏക്കർ, കണ്ണപുരം വില്ലേജിൽ റവന്യൂ വകുപ്പിന്റെ 70 സെന്റ്, ചിറക്കൽ വില്ലേജിൽ ഇറിഗേഷൻ വകുപ്പിന്റെ 45 സെന്റ്, കടമ്പൂർ വില്ലേജിൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 40 സെന്റ്, അഞ്ചരക്കണ്ടി വില്ലേജിൽ കുഴിമ്പാലോട്ടുള്ള ഇറിഗേഷൻ വകുപ്പിന്റെ 105 സെന്റ് എന്നിവിടങ്ങളിലാണ് ലൈഫ് മിഷൻ നേരിട്ട് ഭവന സമുച്ചയം നിർമിക്കുക. കുറുമാത്തൂർ പഞ്ചായത്ത് പന്നിയൂർ വില്ലേജിൽ റവന്യൂ വകുപ്പിന്റെ 7.58 ഏക്കർ സ്ഥലത്ത് സഹകരണ വകുപ്പും റസിഡൻഷ്യൽ കോംപ്ലക്‌സ് നിർമിക്കും.