കണ്ണൂർ സെൻട്രൽ ജയിലിലെ സൗകര്യം 840 തടവുകാർക്ക്
കഴിയുന്നത് 1300
കണ്ണൂർ: തടവുകാരിൽ നിന്ന് മൊബൈൽ ഫോണും കഞ്ചാവും ആയുധങ്ങളും പിടിച്ചെടുക്കുമ്പോഴും സെൻട്രൽ ജയിലുകളടക്കം പ്രവർത്തിക്കുന്നത് ആവശ്യമായ അടിസ്ഥാന സൗകര്യമോ ഉദ്യോഗസ്ഥരോ ഇല്ലാതെ. കണ്ണൂർ സെൻട്രൽ ജയിലിൽ മാത്രം ഉദ്യോഗസ്ഥരുടെ വൻ കുറവുണ്ട്.
ഒരു സൂപ്രണ്ട്, രണ്ട് ജോയിന്റ് സൂപ്രണ്ട്, ഒരു ഡെപ്യൂട്ടി സൂപ്രണ്ട്, 18 അസിസ്റ്റന്റ് സൂപ്രണ്ട്, രണ്ട് ഗേറ്റ് കീപ്പർ, 45 ഡി.പി.ഒ, 222 എ.പി.ഒ, 4 അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ, 2 ഡോക്ടർമാർ, അനുബന്ധ മെഡിക്കൽ സ്റ്റാഫ്, മൂന്ന് വെൽഫെയർ ഓഫീസർ, സിവിൽ സ്റ്റാഫ് എന്നിങ്ങനെയാണ് വേണ്ടത്. അതേസമയം അസി. സൂപ്രണ്ടുമാർ നാലേയുള്ളൂ. ഡി.പി.ഒമാരാകട്ടെ 17. പ്രിസൺ ഓഫീസർ തസ്തികയിൽ ആളേയില്ല. ഗേറ്റ് കീപ്പറുമില്ല. വെൽഫെയർ ഓഫീസർമാർ മൂന്ന് വേണ്ടിടത്ത് രണ്ട് മാത്രം. അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരാകട്ടെ 120 മാത്രവും. ആവശ്യമായതിന്റെ പകുതിയാണിത്.
കാര്യങ്ങൾ നിർവഹിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആളെ എടുക്കുന്ന പതിവുണ്ട്. തടവുകാർക്ക് ഇവരെ വിരട്ടി കാര്യം നടത്താം. തടവുകാരെ ചികിത്സയ്ക്ക് പുറത്ത് കൊണ്ടുപോകാൻ പൊലീസിന്റെ സഹായവും പലപ്പോഴും ലഭിക്കാറില്ല. ആശുപത്രികളിലെ ടോയിലറ്റുകളിൽ നിന്നോ മറ്റോ ആവശ്യമുള്ള സാധനങ്ങൾ ശരീരത്തിൽ ഒളിപ്പിച്ച് തിരിച്ചെത്തും. കാവൽക്കാരെ വിരട്ടി പരിശോധന ഒഴിവാക്കി സാധനം അകത്തുമെത്തിക്കും.
സീനിയറായ ഡോക്ടർമാരാണ് സെൻട്രൽ ജയിലുകളിൽ ഉള്ളതെങ്കിലും പരമാവധി പ്രതികളെ പുറത്തേക്ക് റഫർ ചെയ്ത് പണി എളുപ്പമാക്കുകയാണ് പതിവ്. ദിവസവും കുറഞ്ഞത് 40 പേരെയെങ്കിലും ജില്ലാ ആശുപത്രിയിലേക്കും അഞ്ച് പേരെയെങ്കിലും മെഡിക്കൽ കോളേജുകളിലേക്കും റഫർ ചെയ്യും. ഇരുപത് വർഷത്തെ പരിചയമുള്ള ഡോക്ടർമാരാണിവർ. അതേസമയം ഡോക്ടർമാരെ നോക്കി പേടിപ്പിച്ച് ആയുർവേദ സുഖ ചികിത്സയ്ക്ക് വരെ റഫർ ചെയ്യിപ്പിക്കുന്ന രാഷ്ട്രീയ തടവുകാരും സെൻട്രൽ ജയിലിലുണ്ട്.
അടിസ്ഥാന സൗകര്യവുമില്ല
മണ്ണിലും ദേഹത്തും ഒളിപ്പിച്ച സാധനങ്ങൾ കണ്ടെത്താൻ അത്യാധുനിക ഉപകരണങ്ങൾ ഇല്ലാത്തത് ജീവനക്കാരെ വലയ്ക്കുന്നുണ്ട്. സുരക്ഷാ ഉപകരണങ്ങൾ കേടാവുകയോ കേടാക്കുകയോ ചെയ്യും. മൊബൈൽ ജാമർ ഉപ്പിട്ട് നശിപ്പിച്ചത് ഇതിലൊന്ന് മാത്രമാണ്. ഡോർ ഫ്രൈം മെറ്റർ ഡിറ്റക്ടർ, സി.സി.ടി.വി എന്നിവയെല്ലാം ഉപയോഗ ശൂന്യമായിട്ടുണ്ട്. പല സെല്ലുകളിലും പ്രാഥമിക സൗകര്യമില്ല. വെള്ളവും പുറത്ത് നിന്നാണ് എത്തിക്കുന്നത്. ഹൈമാസ്റ്റ് ലൈറ്റ് ഇല്ലാത്തതും സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്നു. തറയിലാണ് പലരുടെയും ഉറക്കം. കെട്ടിടം അറ്രകുറ്റപ്പണി ചെയ്യാത്തതും പ്രശ്നമാണ്. അടുക്കളയിലെ മലിന ജലം പുറത്തേക്ക് തുറന്ന് വിട്ടപ്പോൾ പൊടിക്കുണ്ട് സ്വദേശികൾ പ്രതിഷേധിച്ചിരുന്നു. ഇതോടെ വളപ്പിനകത്ത് തന്നെ തുറന്നുവിടുകയാണ്.ഇത് കൊതുക് ശല്യം കൂട്ടിയിട്ടുണ്ട്.
കേരളത്തിലെ ജയിലുകളുടെ സുരക്ഷയ്ക്ക് അനുവദിച്ചത് 152 കോടി രൂപ
കോടതി നടപടിയ്ക്കുള്ള വീഡിയോ കോൺഫറൻസിംഗ് നടപ്പായില്ല
സോളാർ പ്ലാന്റും ഉപയോഗ ശൂന്യം.