കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തിൽ ആർക്കെതിരെയും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തില്ലെന്ന് ഉറപ്പായി. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും വ്യവസായമന്ത്രിയും ഉൾപ്പെടെയുള്ളവർ നഗരസഭാ ചെയർപേഴ്സണും ഉദ്യോഗസ്ഥർക്കും ക്ളീൻ ചിറ്റ് നൽകിയ സാഹചര്യത്തിലാണ് നടപടി.
കേസന്വേഷിക്കുന്ന കണ്ണൂർ നർകോട്ടിക് സെൽ ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ വളപട്ടണം പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാൽ വലിയ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുമെന്ന തിരിച്ചറിവും സി.പി.എമ്മിനുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം മന്ദഗതിയിലാക്കി സമരം അവസാനിക്കുന്നതോടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് പൊലീസ് നീക്കം.
സാജന്റെ കുടുംബാംഗങ്ങളെ നിരന്തരം ചോദ്യം ചെയ്ത പൊലീസ് ആത്മഹത്യയുടെ കാരണം കുടുംബപ്രശ്നമാക്കി തീർക്കാൻ ശ്രമിച്ചെങ്കിലും തെളിവൊന്നും ലഭിക്കാത്തതിനാൽ അന്വേഷണം നീങ്ങിയില്ല. സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്ന കാര്യത്തിലും തീരുമാനമായില്ല. സെന്ററിന് പിന്നിലെ തുറസായ സ്ഥലത്ത് സ്റ്റീൽ തൂണുകളിൽ സ്ഥാപിച്ച വാട്ടർ ടാങ്ക് മാറ്റാതെ ലൈസൻസ് നൽകേണ്ടെന്ന നിലപാടിലാണ് നഗരസഭ. ടാങ്ക് മാറ്റി സ്ഥാപിക്കുകയോ സർക്കാരിൽ നിന്ന് പ്രത്യേകാനുമതി വാങ്ങുകയോ വേണമെന്ന് നഗരസഭാ എൻജിനിയറിംഗ് വിഭാഗം കൺവെൻഷൻ സെന്ററിന്റെ മാനേജരെ അറിയിച്ചിട്ടുണ്ട്.
കോൺഗ്രസ്, ലീഗ് പാർട്ടികൾ ഇപ്പോഴും സമരത്തിലാണ്. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ആന്തൂരിൽ രണ്ട് ദിവസത്തെ പദയാത്രയും സംഘടിപ്പിക്കുന്നുണ്ട്. മുസ്ളിംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ സംഗമവും നടന്നു.