കാഞ്ഞങ്ങാട്: നഗരസഭയിൽ വീടിന് അപേക്ഷ നൽകി ആയിരക്കണക്കിനു പേർ ഡാറ്റാ ബാങ്കിന്റെ കുരുക്കിൽ പെട്ടിരിക്കുകയാണെന്നും ഇതിനു പരിഹാരം കാണണമെന്നും അഭ്യർത്ഥിച്ച് നഗരസഭ ചെയർമാൻ വി.വി. രമേശൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.

സ്വന്തമായി വീട് എന്ന സ്വപ്നം യഥാർത്ഥ്യമാക്കാനാകാതെ 7120 പേർ നരകയാതനയനുഭവിക്കുന്ന വാർത്ത കഴിഞ്ഞദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.

2013 ൽ വയലും പറമ്പും തരം തിരിക്കാതെ അന്നത്തെ റവന്യു ഉദ്യോഗസ്ഥർ സർക്കാറിന് റിപ്പോർട്ട് നൽകിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വർഷങ്ങൾക്ക് മുമ്പ് പറമ്പുകളായും പുരയിടങ്ങളുമായും മാറിയ പ്രദേശം ഇപ്പോൾ വയലുകളും തണ്ണീർത്തടങ്ങളുമായി രേഖപ്പെടുത്തിയിരിക്കുകയാണ്. വിശദമായ പരിശോധന നടത്താതെയാണ് അന്ന് ഉദ്യോഗസ്ഥർ പഴയ വില്ലേജ് രേഖകൾ അതേപടി സർക്കാറിന് സമർപ്പിച്ചത്. ഇതോടെ അന്തിയുറങ്ങാൻ കൊച്ചു കൂര പോലും നിർമ്മിക്കാനാകാതെ കുടുംബങ്ങൾ ദുരിതത്തിലാകുകയും ചെയ്തിരിക്കുകയാണ്. ആയതിനാൽ മേൽവിഷയങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകി പരിഹാരം കാണണമെന്ന് ചെയർമാൻ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൃഷി, റവന്യൂ മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തി അടിയന്തര പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ചെയർമാൻ പറഞ്ഞു.