പഠനത്തിനായി കേന്ദ്രസംഘം ഈ മാസം ജില്ലയിൽ
ജലവിനിയോഗ നയം രൂപീകരിക്കുമെന്ന് ജില്ലാ കളക്ടർ
ജലചൂഷണം ഏറെ നടക്കുന്നത് കമുകിൻ തോട്ടങ്ങളിൽ
കാസർകോട്: അശാസ്ത്രീയവും മുൻകരുതലുകളുമില്ലാത്ത ജലവിനിയോഗം മൂലം ജില്ലയുടെ ഭൂഗർഭ ജലം തീരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഴൽക്കിണറുകളും വെള്ളമില്ലാത്ത കുഴൽക്കിണറുകളും ഉള്ള കാസർകോട് ജില്ല സമീപഭാവിയിൽ വൻദുരന്തമാണ് നേരിടാൻ പോകുന്നത്.
സംസ്ഥാനത്ത് കാസർകോട്, പാലക്കാട് ജില്ലകളിലാണ് രൂക്ഷമായ ജലക്ഷാമം നേരിടുന്നത്. അതിൽ തന്നെ കാസർകോടിന്റെ കാര്യം വളരെ പരിതാപകരമാണ്. ഇതിനെ കുറിച്ച് കൂടുതൽ പഠനം നടത്താൻ കേന്ദ്ര സംഘം ഈ മാസം ജില്ലയിലെത്തും. ഇതിനു പുറമേ കേന്ദ്രസർക്കാർ പദ്ധതിയായ ജൽശക്തി അഭിയാൻ പ്രകാരം ജില്ലയിലെ ജലവിതാനം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പദ്ധതി രൂപീകരിക്കും
കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റിയുടെ 2017ലെ റിപ്പോർട്ട് പ്രകാരം കാസർകോട് ബ്ലോക്കിലെ 97.68 ശതമാനം ഭൂഗർഭജലവും ഉപയോഗിച്ചു കഴിഞ്ഞു. 2013ൽ അത് 90.52 ശതമാനമായിരുന്നു. സംസ്ഥാനത്ത് തന്നെ അതീവ ഗുരുതരമായ സ്ഥിതിയാണിത്. ജില്ലയിൽ 2017ലെ സ്ഥിതിവിവര കണക്ക് പ്രകാരം മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് എന്നീ ബ്ലോക്കുകൾ സെമി ക്രിട്ടിക്കൽ സാഹചര്യത്തിലാണ്. 83.96 ശതമാനം, 82.03 ശതമാനം, 77.67 ശതമാനം എന്നിങ്ങനെയാണ് ഈ ബ്ലോക്കുകളിലെ ഭൂഗർഭ ജലവിനിയോഗം. ജില്ലയിൽ നീലേശ്വരം, പരപ്പ ബ്ലോക്കുകൾ മാത്രമായിരുന്നു സുരക്ഷിത സ്ഥാനത്തുണ്ടായിരുന്നത്. പ്രധാനമായും കമുകിൻ തോട്ടങ്ങളിലാണ് അനിയന്ത്രിതമായ രീതിയിൽ ജലചൂഷണം നടക്കുന്നത്.
വ്യാവസായിക സംരംഭങ്ങൾ കുറവായ ജില്ലയിൽ ജലക്ഷാമം രൂക്ഷമാകുന്നതിന് കാരണം അശാസ്ത്രീയവും അനിയന്ത്രിതവുമായ കാർഷിക ജലസേചനമാണ്
ഹൈഡ്രോളജിസ്റ്റ് ബി. ഷാബി
ഉപയോഗത്തിനനുസൃതമായി റീചാർജിംഗ് ഇല്ല
അനിയന്ത്രിതമായ രീതിയിൽ ഭൂഗർഭ ജലം വ്യാപകമായി ഉപയോഗിക്കുകയും അതേസമയം ആനുപാതികമായി പ്രകൃതിദത്തമായ രീതിയിൽ മഴവെള്ളം ഭൂമിയിലേക്ക് റീചാർജ് ചെയ്യപ്പെടാത്തതുമാണ് ഭൂഗർഭ ജലവിതാനം അപകടകരമാം വിധത്തിൽ താഴ്ന്നു കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം.