തലശ്ശേരി -കൊടുവള്ളി- അഞ്ചരക്കണ്ടി -മട്ടന്നൂർ റോഡ് വീതി കൂട്ടൽ ഉടൻ
കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം തീരുമാനിച്ചു.. ഇതിനായി പ്രാദേശികതലത്തിൽ മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് ചർച്ച നടത്താൻ കളക്ടറെ ചുമതലപ്പെടുത്തി. ആറു റോഡുകളാണ് വികസിപ്പിക്കുന്നത്. ഇതിൽ മൂന്നു റോഡുകളുടെ പദ്ധതിരേഖ തയാറാക്കാൻ ഐഡെക്ക് എന്ന സ്ഥാപനത്തെ കേരള റോഡ് ഫണ്ട് ബോർഡ് മുഖാന്തിരം കൺസൾട്ടൻറായി നിയമിച്ചിട്ടുണ്ട്. നിർദ്ദിഷ്ട ദേശീയപാതയായതിനാൽ രണ്ടെണ്ണം പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗവും ഒന്ന് കിഫ്ബി വഴിയുമാണ് നിർമ്മിക്കുന്നത്.
തലശ്ശേരി -കൊടുവള്ളി- അഞ്ചരക്കണ്ടി -മട്ടന്നൂർ റോഡിന്റെ അലൈൻമെന്റ് തീരുമാനമായിക്കഴിഞ്ഞു. നിർമ്മാണം ഉടൻ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.ഭൂമിയുടെ അതിർത്തി നിർണ്ണയം കഴിഞ്ഞ് ബന്ധപ്പെട്ട രേഖകൾ റവന്യൂ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാനുള്ള ഭരണാനുമതി നൽകിയിട്ടുമുണ്ട്. രണ്ടാമത്തെ റോഡായ കുറ്റ്യാടി, നാദാപുരം, പെരിങ്ങത്തൂർ, മേക്കുന്ന്, പാനൂർ,പൂക്കോട് ,കൂത്തുപറമ്പ്, മട്ടന്നൂർ റോഡിന്റെ ഡി.പി.ആർ തയാറാക്കുന്നതിനാവശ്യമായ വിവരശേഖരണം കൺസൾട്ടൻസി നടത്തിയിട്ടുണ്ട്.
മാനന്തവാടി, ബോയ്‌സ് ടൗൺ, പേരാവൂർ,ശിവപുരം ,മട്ടന്നൂർ റോഡ് ,കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ കൂടി കടന്നുപോകുന്നതിനാൽ വന്യജീവി സങ്കേതത്തിന്റെ അതിർത്തി നിർണയിക്കുന്നതിനും സർവ്വേ ചെയ്യുന്നതിനും വനം വകുപ്പിൻറെയും പൊതുമരാമത്ത് വകുപ്പിൻറെയും കൺസൾട്ടൻസിയുടെയും സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്. ഈ മൂന്നു റോഡുകളുടെയും ഡി..പി..ആർ തയാറാക്കുന്നതിന് ട്രാഫിക് പഠനവും അലൈൻമെന്റ് സർവേയും നടത്തിയിട്ടുണ്ട്.
വനമേഖലയിൽ രണ്ട് വരി പാത
വനമേഖലയിൽ രണ്ടുവരി പാതയാണ് നിർമ്മിക്കുക. കൂട്ടുപുഴ പാലം ഇരിട്ടി മട്ടന്നൂർ വായന്തോട് റോഡ് നിർദ്ദിഷ്ട ദേശീയപാതയാണ്. ഇതിൻ്റെ പ്രവൃത്തി കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ഒക്ടോബർ 30നകം പണി പൂർത്തിയാക്കാനാവും. മേലെ ചൊവ്വ ചാലോട് വായന്തോട് മട്ടന്നൂർ എയർപോർട്ട് റോഡിന്റെ ഡി.പി.ആർ തയാറാക്കാനാവശ്യമായ വിവരശേഖരണം ദേശീയപാതാ വിഭാഗം ചെയ്തിട്ടുണ്ട്.
തളിപ്പറമ്പ് ,ചൊറുക്കള, നണിച്ചേരിക്കടവ് ,പാലം മയ്യിൽ ചാലോട് റോഡ് കിഫ്ബിയുടെ അനുമതിക്കായി എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. യോഗത്തിൽ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ, പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ , സണ്ണി ജോസഫ് എം.എൽ.എ, ചീഫ് സെക്രട്ടറി ടോം ജോസ്,ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷി, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവു, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, കണ്ണൂർ ജില്ലാ കളക്ടർ ടി.വി. സുഭാഷ്, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.