പയ്യന്നൂർ: പതിനാറാമത് തുരീയം സംഗീതോത്സവം ജൂലായ് ഏഴു മുതൽ 21 വരെ പയ്യന്നൂർ അയോദ്ധ്യാ ഓഡിറ്റോറിയത്തിൽ നടക്കും. പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഗീതജ്ഞർ പങ്കെടുക്കും.
ഏഴിന് വൈകീട്ട് ആറിന് സാഹിത്യകാരൻ ടി. പത്മനാഭൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ടി.വി. സുഭാഷ് മുഖ്യാതിഥിയായിരിക്കും. നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ പങ്കെടുക്കും. തുടർന്ന് അഭിഷേക് രഘുറാമിന്റെ സംഗീതകച്ചേരി. അക്കരെ സുബ്ബലക്ഷ്മി വയലിനും ബി. ഹരികുമാർ മൃദംഗവും ട്രിച്ചി കൃഷ്ണസ്വാമി ഘടവുമായും ഒപ്പം ചേരും.

എട്ടിന് വിജയ് ഗോപാലിന്റെ പുല്ലാങ്കുഴൽ വാദനം, ഒമ്പതിന് കുമരേഷ് വീണ കുമരേഷ് എന്നിവരുടെ വയലിൻവീണാ പരിപാടി, 10ന് ജിതേഷ് സുന്ദരത്തിന്റെ ഗസൽസ്, 11ന് സ്വർണ്ണിമ ഗൊസൈയ്‌ന്റെ ഹിന്ദുസ്ഥാനി സംഗീതം, 12ന് ടി.എം.കൃഷ്ണ പാടുന്നു. 13ന് ഋത്വിക്ക് ഭട്ടാചാര്യയുടെ ഹിന്ദുസ്ഥാനി സംഗീതം, 14ന് നെന്മാറ സഹോദരന്മാരുടെ നാഗസ്വര കച്ചേരി, 15ന് ശ്രുതി ശങ്കർകുമാറിന്റെ ശാസ്ത്രീയ സംഗീതം, 16ന് സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ സംഗീതകച്ചേരി, 17ന് അശ്വന്ത് നാരായണന്റെ സംഗീതകച്ചേരി, 18ന് ബോംബെ ജയശ്രീയുടെ സംഗീതകച്ചേരി, 19ന് പത്മഭൂഷൻ ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴൽ, 20ന് ഉച്ചയ്ക്ക് ഒന്നിന് പോത്താങ്കണ്ടം ആനന്ദഭവനത്തിന്റെ ഭജനാനന്ദം, വൈകീട്ട് ആറിന് ചെങ്കോട്ടൈ ഹരിഹര സുബ്രഹ്മണ്യത്തിന്റെ വായ്പാട്ട്. സമാപന ദിവസമായ 21ന് വൈകീട്ട് നാലിന് ഉൽഹാസ് കഷാൽക്കറിന്റെ ഹിന്ദുസ്ഥാനി സംഗീതം. തുരീയം സംഗീത പുരസ്‌കാരം ഷാജൻ. സി മാത്യുവിന് സമ്മാനിക്കും. രാത്രി ഏഴിന് സംഗീജ്ഞർ പങ്കെടുക്കുന്ന പഞ്ചരത്‌നകീർത്തനം നടക്കും.

വിവിധ ദിവസങ്ങളിൽ രാഷ്ട്രീയസാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി.എം. ജയകൃഷ്ണൻ, മനോജ് കടേക്കര, ഡോ.അസീം എന്നിവർ പങ്കെടുത്തു.