തലശ്ശേരി :ചെമ്മീൻപാടത്തിലെ ബണ്ട് പൊട്ടി വിളവെടുപ്പിന് പാകമായ ക്വിന്റൽ കണക്കിന് വലിയ ചെമ്മീനുകൾ പുഴയിലെത്തി.ചേറ്റുകുളത്തെ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള തലശ്ശേരി കുയ്യാലി ലക്ഷ്മിപുരത്തിനടുത്ത ഒന്നര ഹെക്ടർ വിസ്തീർണ്ണമുള്ള ചെമ്മീൻകെട്ടിലേക്കാണ് വെള്ളം കയറിയത്.

കുയ്യാലി പുഴയോരത്തുള്ള ചെമ്മീൻപാടത്തിന്റെ ബണ്ട് ശക്തമായ വേലിയിറക്കത്തെ തുടർന്നുണ്ടായ കുത്തിയൊഴുക്കിൽ തകരുകയായിരുന്നു. പുലർച്ചെ ചെമ്മീനുകൾക്ക് തീറ്റയിടാൻ ബണ്ട് പൊട്ടിയതായി കണ്ടത്. മൂന്നര മാസം മുൻപാണ് മത്സ്യ കർഷകനായ ഇദ്ദേഹം ഇവിടെ 81,000 ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നത്.രണ്ട് ദിവസത്തിനകം വിളവെടുപ്പ് നിശ്ചയിച്ചിരിക്കെയാണ് കൃഷിനാശമുണ്ടായത്. മൂന്ന് ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് അനിൽകുമാർ കൃഷി ആരംഭിച്ചത്..
കൃഷിക്കായി ഫിഷ് ഫാർമേഴ്‌സ് ഡവലപ്‌മെന്റ് അതോറിറ്റിയിൽ നിന്നുള്ള സബ്‌സിഡി പ്രതീക്ഷിച്ചിരിക്കെയാണ് അദ്ധ്വാനഫലം ഒന്നാകെ ഒഴുകിപ്പോയത്.കഴിഞ്ഞ എട്ട് വർഷങ്ങളായി ചെമ്മീൻ കൃഷി നടത്തി വരുന്ന അനിൽകുമാർ സാമ്പത്തിക പ്രയാസം കാരണം ഇടക്കാലത്ത് ഈ കൃഷി ഉപേക്ഷിച്ചിരുന്നു.ഈ വർഷം വീണ്ടും ഇറക്കിയ കൃഷി വലിയ നഷ്ടത്തിലേക്കാണ് ഈ കർഷകനെ എത്തിച്ചിരിക്കുന്നത്.


ചിത്രം:ബണ്ട് തകർന്ന നിലയിൽ