ചെറുവത്തൂർ: അച്ചാംതുരത്തി നിവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. നാലു ഭാഗവും ഉപ്പു വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്ത് ജലവിതരണത്തിനായി 25000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമ്മാണം പൂർത്തിയായി. നാലു കിലോമീറ്റർ ദൂരത്തിലുള്ള കുളങ്ങാട്ടുമലയിലെ കിണറ്റിൽ നിന്നായി ടാങ്കിലേക്ക് 2250 മീറ്റർ പൈപ്പുകൾ കൂടി സ്ഥാപിക്കുന്നതോടെ പദ്ധതി പൂർത്തിയാകും.എം.രാജഗോപാലൻ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് 32 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്.

നാനൂറോളം കുടുംബങ്ങളാണ് ദ്വീപിൽ താമസിച്ചു വരുന്നത്.രാജീവ് ഗാന്ധി ശുദ്ധജല പദ്ധതിയും വാട്ടർ അതോറിട്ടിയുമാണ് നിലവിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്.ഏറെ ദൂരത്തുള്ള കുളങ്ങാട്ട് മലയിൽ നിന്ന് പമ്പു ചെയ്യുന്ന വെള്ളം അച്ചാംതുരുത്തിയിലെത്തമ്പോൾ ലഭ്യതക്കുറവ് അനുഭവപ്പെടുന്നു. വേനൽ കടുത്താൽ പുഴ കടന്ന് നീലേശ്വരം നഗരസഭയിൽ ഉൾപ്പെടുന്ന സ്ഥലത്ത് കുടിവെള്ളത്തിനായി പോകേണ്ടി വരാറുണ്ട്.പുതുതായി നിർമ്മിച്ച ടാങ്കിലേക്ക് ശേഖരിക്കുന്ന കുടിവെള്ളം വിതരണം ചെയ്യാൻ തുടങ്ങുന്നതോടെ ഇവിടുത്തെ ശുദ്ധജലപ്രശ്‌നം പരമാവധി പരിഹരിക്കപ്പെടും.