നാറാത്ത്:സി.സി.ടി.വി. സ്ഥാപിച്ചതറിയാതെ മാലിന്യം തള്ളിയവർക്കെതിരെ നടപടിക്കൊരുങ്ങി നാറാത്ത് പഞ്ചായത്ത്. നാറാത്ത് പഞ്ചായത്തിലെ സ്റ്റെപ്പ് റോഡിൽ നിന്ന് കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന റോഡിലാണ് ചൊവ്വാഴ്ച പുലർച്ചെ ബൈക്കിലെത്തി കോഴിമാലിന്യം തള്ളിയത്. ദൃശ്യം സി.സി.ടി.വി. കാമറയിൽ പതിഞ്ഞു. ചൊവ്വാഴ്ച പഞ്ചായത്തിൽ ലഭിച്ച പരാതിയെത്തുടർന്നാണ് സെക്രട്ടറി പി.ബാലൻ ദൃശ്യങ്ങൾ പരിശോധിച്ചത്. ആളെ വൃക്തമായില്ലെങ്കിലും വണ്ടിയുടെ നമ്പർ സഹിതം മയ്യിൽ പൊലീസിൽ പരാതി നൽകി.മാലിന്യം വലിച്ചെറിയുന്നത് തടയാനാണ് ഇവിടെ 14 ലക്ഷം രൂപ ചെലവിട്ട് 26 കാമറകൾ സ്ഥാപിച്ചത്. കാട്ടാമ്പള്ളിയിൽനിന്ന് നാറാത്ത് ടൗൺ വരെയും സ്റ്റെപ്പ് റോഡിലുമാണിവയുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം നടന്നില്ലെങ്കിലും ക്യാമറകൾ പ്രവർത്തനസജ്ജമാണ്. നിലവിൽ പഞ്ചായത്ത് ഓഫീസിലാണ് ദൃശ്യങ്ങൾ ലഭിക്കുന്നതെങ്കിലും വൈകാതെ മയ്യിൽ പൊലീസ് സ്റ്റേഷനിലും ഇതിനായി സംവിധാനമൊരുക്കും.